ഓപ്പൺ എയർ ഹോട്ടലുകൾ തുറന്നു

Thursday 09 September 2021 12:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഓപ്പൺ എയർ റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയത് ഈ രംഗത്തുള്ളവർക്ക് ആശ്വാസമായി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോൾ മുഴുവൻ ഹോട്ടലുകളിലും ഇരുത്തി ആഹാരം വിളമ്പാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രക്ഷാധികാരി സുധീഷ്‌ കുമാർ പറഞ്ഞു.

കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായവരുടെ കൂട്ടത്തിലാണ് റസ്റ്റോറന്റ് നടത്തിപ്പുകാരും തൊഴിലാളികളും. ചെറുകിട ഹോട്ടലുകളും കൂൾബാറുകളുമുൾപ്പെടെ സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നാണ് അസോസിയേഷന്റെ കണക്ക്. പാഴ്സൽ മാത്രം നൽകിയാൽ പ്രവർത്തനച്ചെലവ് പോലും ലഭിക്കില്ല. ഒരു കടയിൽ ശരാശരി പത്തു ജീവനക്കാരെന്ന് കണക്കാക്കിയാൽ തന്നെ ഒന്നേ കാൽ ലക്ഷത്തോളം പേരുടെ ജോലിയെ ബാധിച്ചു. ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും കെട്ടിട വാടക,വൈദ്യുതി ചാർജ്, വെള്ളക്കരം തുടങ്ങിയവ നൽകണം .

Advertisement
Advertisement