വിരമിക്കൽ ഇപ്പോഴില്ല, ലക്ഷ്യം പാരിസ് ഒളിമ്പിക്‌സ്: പി.ആർ ശ്രീജേഷ്

Wednesday 08 September 2021 11:25 PM IST

കൊച്ചി: വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ ജേതാവും ഗോൾ കീപ്പറുമായ പി.ആർ. ശ്രീജേഷ്. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024ലെ പാരിസ് ഒളിമ്പിക്സിലും കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലാണ് ശ്രീജേഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കേരളത്തിൽ കൂടുതൽ പ്രചാരം നൽകണം
മാനുവൽ ഫെഡറികും ദിനേഷ് നായിക്കും സാബു വർക്കിയും നൈനാനും ഒക്കെയുണ്ടായിരുന്നെങ്കിലു കേരളത്തിൽ ഹോക്കി വേണ്ടത്ര പ്രചാരം നേടിയില്ല. ഇതിനു കാരണം ഗ്രാമങ്ങളിൽ ഉൾപ്പെടെ ചെറിയ ചെറിയ ഹോക്കി മത്സരങ്ങൾ ഉണ്ടായിട്ടില്ലാത്തതിനാലാണ്. അത്തരം മത്സരങ്ങൾ സംഘടിപ്പിക്കണം. ഗ്രാമങ്ങളിൽ നിന്നു തന്നെ പ്രചാരം നൽകുകയും വേണം.
മഹാരാജാസ് ഗ്രൗണ്ടിനായി ഇടപെടും
എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഇത് ജനപ്രതിനിധികളുമായി ചർച്ച ചെയ്തിട്ടുണ്ട്. നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗ്രൗണ്ടിന്റെ പോരായ്മകൾ തീർത്താൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരിശീലനത്തിന് സാദ്ധ്യത തെളിയും.

Advertisement
Advertisement