മാർ ആവാ റോയൽ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭ പരമാദ്ധ്യക്ഷൻ

Thursday 09 September 2021 1:10 AM IST

തൃശൂർ : ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായി മാർ ആവാ റോയൽ തിരഞ്ഞെടുക്കപ്പെട്ടു. ആസ്‌ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലീസ് സയ്യയുടെ അദ്ധ്യക്ഷതയിൽ സഭാ ആസ്ഥാനമായ ഇറാഖിലെ എൽബിലിൽ നടക്കുന്ന സിനഡിലാണ് സഭയുടെ 122ാമത് പാത്രിയർക്കീസായി നിലവിൽ കാലിഫോർണിയയിലെ ബിഷപ്പായ മാർ ആവാ റോയേൽ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടർന്ന് നിലവിലെ അദ്ധ്യക്ഷൻ മാർ ഗീവർഗ്ഗീസ് സ്ലീവ മൂന്നാമൻ സ്ഥാനത്യാഗം ചെയ്തിരുന്നു. സഭയുടെ അമേരിക്കയിലെ കാലിഫോർണിയ ഭദ്രാസനത്തിന്റെ എപ്പിസ്‌കോപ്പയും, പരിശുദ്ധ സുൻഹാദോസ് സെക്രട്ടറിയുമാണ് നാല്പത്തിയാറുകാരനായ മാർ ആവ്വ റോയൽ. വിശുദ്ധ സ്ലീവാ തിരുന്നാൾ ദിനമായ 13ന് മാർ മീലീസ് സയ്യാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണവും പട്ടാഭിഷേകവും എർബിലിലെ മാർ യോഹന്നാൻ മാംദാന ഭദ്രാസന ദൈവാലയത്തിൽ നടക്കും.