പണം അടച്ച് വെർച്വൽ ക്യൂവിൽ ബുക്ക്  ചെയ്യണം, ശബരിമലയിൽ എത്തുമ്പോൾ തിരികെ നൽകും, പുത്തൻ പരീക്ഷണവുമായി ദേവസ്വം ബോർഡ് 

Friday 10 September 2021 10:21 AM IST

പത്തനംതിട്ട: വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത തീർത്ഥാടകർ ശബരിമലയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡ് പുതുവഴികൾ തേടുന്നു. ബുക്ക് ചെയ്യുന്ന എല്ലാവരിൽ നിന്നും നിശ്ചിത തുക ഫീസായി വാങ്ങാനും ദർശനം നടത്തിക്കഴിയുമ്പോൾ ഓൺലൈനായി തിരികെ നൽകാനും ബോർഡ് ആലോചിക്കുന്നു. ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരിക്കുന്നവരുടെ എണ്ണം കൂടുന്നത് ഒഴിവാക്കാനാണിത്.

ബുക്ക് ചെയ്തിട്ട് ദർശനം നടത്താത്തവരുടെ തുക നഷ്ടമാകും. ഇത് ദേവസ്വം ബോർഡിന്റെ ഫണ്ടിലേക്കു മാറ്റും. നിർദ്ദേശം ഹൈക്കോടതിയിൽ സമർപ്പിച്ച് അംഗീകാരം തേടേണ്ടതുണ്ട്. കഴിഞ്ഞ മാസങ്ങളിലെ പൂജകൾക്ക് വെർച്വൽ ക്യൂ വഴി ഒരു ദിവസം 10,000 പേർക്ക് ദർശനം അനുവദിച്ചിരുന്നു. എന്നാൽ, രണ്ടായിരത്തോളം ആളുകളേ എത്തിയുള്ളൂ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വെർച്വൽ ക്യൂ സംബന്ധിച്ച പരാതികൾ ദേവസ്വം ബോർഡ് പ്രസിന്റ് എൻ.വാസു പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ബുക്ക് ചെയ്യണമെന്ന് അറിയാതെ എത്തുന്ന തീർത്ഥാടകർക്കായി നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് ബോർഡ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നട തുറക്കുന്നതിന് ഒരാഴ്ച മുൻപ് ബുക്കിംഗ് ആരംഭിക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചു.വെർച്വൽ ക്യു തൽക്കാലം ഏറ്റെടുക്കേണ്ടെന്നാണ് ബോർഡ് തീരുമാനം. സോഫ്ട് വെയറിനെ സംബന്ധിച്ച് പരാതികളുണ്ടായാൽ പരിഹരിക്കുക പ്രയാസമാണെന്നാണ് വിലയിരുത്തൽ.

'' വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നത്, ദർശനം ആഗ്രഹിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ഫീസ് ഏർപ്പെടുത്തണമെന്ന അഭിപ്രായം ഉയർന്നത്. ബോർഡ് തീരുമാനം എടുത്തിട്ടില്ല.
എൻ. വാസു,

തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ്‌