ദേശീയപാത ആറുവരിയിൽ

Saturday 11 September 2021 12:17 AM IST

ചെങ്കള നീലേശ്വരം 37കി.മീ -1709കോടി

നീലേശ്വരം -തളിപ്പറമ്പ് 40 കി.മീ -2251 കോടി

നീലേശ്വരം: ഇരുവശത്തുമുള്ള അറുപതുശതമാനം മരങ്ങളും മുറിച്ചുമാറ്റി ചെങ്കള - നീലേശ്വരം റീച്ചിൽ ദേശീയപാത വികസനപ്രവൃത്തിക്ക് തുടക്കമായി. മഴ കഴിയുന്നതോടെ തുടർപ്രവൃത്തികൾ ആരംഭിക്കും.നീലേശ്വരം -തളിപ്പറമ്പ് ഭാഗങ്ങളിൽ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയും ഉടൻ തുടങ്ങും.

ചെങ്കള -നീലേശ്വരം 37 കിലോമീറ്റർ റോഡ് 1709 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. നീലേശ്വരം - തളിപ്പറമ്പ് 40 കിലോമീറ്റർ റോഡ് വികസനത്തിന് 2,251 കോടി രൂപയാണ് നീക്കിയിരിക്കുന്നത്. ഹൈദരാബാദിലെ മേഘശ്രീ കമ്പനിക്കാണ് ഇരു റീച്ചുകളുടെയും കരാർ. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക ഏകദേശം നൽകിക്കഴിഞ്ഞു.

കൊവിഡാണ് പ്രവൃത്തി തുടങ്ങാൻ തടസമായതെന്നും മഴ കഴിഞ്ഞയുടൻ തുടങ്ങുമെന്നും പദ്ധതി ഡി.ജി.എം എം. രാമചന്ദ്രൻ അറിയിച്ചു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും പദ്ധതി ഓഫീസ് തുടങ്ങിയിട്ടുണ്ട്.

മേൽപാലങ്ങൾ 5

ചെങ്കള-നീലേശ്വരം റീച്ചിൽ ചെർക്കള ( 390 മീറ്റർ) കാഞ്ഞങ്ങാട് മാവുങ്കാൽ റോഡിലെ പാണത്തൂർ റോഡ് ജംഗ്ഷൻ (70 മീറ്റർ), കാഞ്ഞങ്ങാട് സൗത്ത് (70 മീറ്റർ) എന്നിവിടങ്ങളിലായി മൂന്ന് മേൽപ്പാലങ്ങൾ നിർമ്മിക്കും. പടന്നക്കാട്‌ റെയിൽവേ മേൽപ്പാലം നിലവിലുള്ള രണ്ട് വരിയായി നിലനിർത്തി ഇവിടെ മറ്റൊരു നാലുവരി പാത നിർമ്മിക്കും. ബേവിഞ്ച, നീലേശ്വരം എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ ആറുവരിയാക്കും. വിവിധ ഇടങ്ങളിലായി മൂന്ന് ചെറുപാലങ്ങളും 74 കലുങ്കുകളും ഈ റോഡിലുണ്ടാകും . പെരിയ ചാലിങ്കാലിലായിരിക്കും ടോൾപ്ലാസ.

നീലേശ്വരം -തളിപ്പറമ്പ് റീച്ചിൽ പിലാത്തറ കെ.എസ്.ടി.പി റോഡ് ജംഗ്ഷൻ (75 മീറ്റർ), പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് (75 മീറ്റർ) എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുണ്ടാകും. പള്ളിക്കര മേൽപ്പാലം നിലവിൽ ആറുവരിയാണ്. കാര്യങ്കോട്, പെരുമ്പ, കുപ്പം എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ ആറുവരിയാക്കും. 14 ചെറു പാലങ്ങളും 94 കലുങ്കുകളും ഈ റീച്ചിലുണ്ടാകും.

ചെർക്കള-ചട്ടഞ്ചാൽ പാത ദുർഘടം

ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ വളവുകളും കുന്നുകളുമായതിനാൽ നിർമ്മാണത്തിന് വലിയ കടമ്പകളുണ്ട്. അത്യാധുനികവും ആകർഷകവുമായ നിലയിലാകും ഇവിടെ നിർമ്മാണം..

Advertisement
Advertisement