കരുവന്നൂർ തട്ടിപ്പ്: വിരമിച്ച 18 പേരിലേക്ക് അന്വേഷണം

Saturday 11 September 2021 2:26 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സർവീസിലുണ്ടായിരിക്കുകയും പിന്നീട് സഹകരണവകുപ്പിൽ നിന്ന് വിരമിക്കുകയും ചെയ്ത 18 ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നു.

സഹകരണവകുപ്പ് ഉന്നതതല സംഘം നടത്തിയ അന്വേഷണത്തിലാണ് 2010 മുതൽ വിരമിച്ച 18 ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതായി സൂചന ലഭിച്ചത്. അന്തിമ റിപ്പോർട്ടിൽ ഇവർക്കെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന ശുപാർശയുണ്ടാകും. സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 16 പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഒരു മാസം നീട്ടി നൽകിയിട്ടുണ്ട്. ആഗസ്റ്റ് 24 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പത്തുവർഷത്തെ കണക്കെടുപ്പും തട്ടിപ്പും സംഘം അന്വേഷിക്കുന്നുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16 പേർക്ക് ചാർജ് മെമ്മോ നൽകിയിട്ടില്ല. അന്തിമ റിപ്പോർട്ടിന് ശേഷമേ മെമ്മോ കൊടുക്കുകയുള്ളുവെന്നാണ് സൂചന. ഇതിനായി അഡിഷണൽ രജിസ്ട്രാറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചേക്കും. മെമ്മോ കൊടുത്താൽ വിശദീകരണം കേൾക്കുകയും ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വേണം.

സഹകരണ വകുപ്പിൽ മൂന്നു കൊല്ലം ഒരേതസ്തികയിൽ ജോലി ചെയ്തവരെ സ്ഥലം മാറ്റാൻ സർക്കാർ ഉത്തരവിറക്കിയതായും അറിയുന്നു. ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് മാറ്റമുണ്ടാകും. ജനറൽ വിഭാഗത്തിലുള്ളവരെ ഓഡിറ്റിലേക്കും തിരിച്ചും മാറ്റിയേക്കും.

കരുവന്നൂർ ബാങ്കിൽ നിന്ന് അഞ്ച് വർഷത്തിനിടെ 200 കോടി പിൻവലിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരമുണ്ട്. ചെറിയ കാലയളവിൽ ഇത്രയും തുക പിൻവലിച്ചതിൽ ഭരണസമിതിക്ക് പങ്കുള്ളതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു. ക്രമക്കേട് അറിയാവുന്ന ഭരണസമിതി അംഗങ്ങൾ വേണ്ടപ്പെട്ടവരുടെ നിക്ഷേപം പിൻവലിച്ചെന്നാണ് അനുമാനം.

Advertisement
Advertisement