എടാ,എടീ വിളി ഇനി പൊലീസിന് വേണ്ട: ഡി.ജി.പി

Friday 10 September 2021 11:20 PM IST

തിരുവനന്തപുരം: എടാ, എടീ, നീ എന്നീ വാക്കുകളിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി പൊലീസ് ഒരു കാരണവശാലും തുടരരുതെന്ന് നിർദ്ദേശിച്ച് ഡി.ജി.പി അനിൽകാന്ത് സർക്കുലർ ഇറക്കി. സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദ്ദേശം ലംഘിച്ചാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. മാദ്ധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി അന്വേഷിച്ച് അച്ചടക്ക നടപടി സ്വീകരിക്കും.

പൊതുജനമദ്ധ്യത്തിൽ സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധിക്കണം.

Advertisement
Advertisement