കൊവിഡ് :ആശുപത്രികൾ പ്രതിസന്ധിയിൽ - ഐ.സി.യു നിറയുന്നു

Friday 10 September 2021 11:29 PM IST

പത്തനംതിട്ട : ഇടക്കാലത്തിന് ശേഷം ആശുപത്രികളിലെ കൊവിഡ് ഐ.സി.യു വീണ്ടും നിറയുകയാണ്. ജില്ലയിൽ പകുതിയിലേറെ ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. സി കാറ്റഗറി രോഗികൾ വർദ്ധിക്കുന്നതാണ് പ്രധാന കാരണം. മരണവും ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ദിവസവും പത്തോ അതിനടുത്തോ രോഗികൾ മരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾ കുറവായതിനാൽ സർക്കാർ ആശുപത്രികളിലെ ഐ.സി.യുവിലാണ് രോഗികളേറെയും. എൺപത്തൊന്ന് ഐ.സി.യു കിടക്കകളിൽ അമ്പത്തിരണ്ടെണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിലെ 120 കിടക്കകളിൽ അമ്പത് എണ്ണത്തിലാണ് രോഗികൾ. ഈ സ്ഥിതി തുടർന്നാൽ ഐ.സി.യു കിടക്കകൾ മതിയാകാതെ വരും. ആയിരത്തിലധികം കൊവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിലേറെയാണിപ്പോൾ.

ഒാക്സിജൻ കിടക്കയിലും രോഗികൾ കുറവ് (49|172)

ഓക്സിജൻ ക്ഷാമമായിരുന്നു കൊവിഡ് രണ്ടാം തരംഗത്തിൽ ജില്ല നേരിട്ട പ്രധാന വെല്ലുവിളി. വ്യാവസായിക സ്ഥാപനങ്ങളിൽ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ പോലും ഓക്സിജൻ ശേഖരിക്കാൻ ഉപയോഗിക്കേണ്ടിവന്നിരുന്നു.

ശേഷം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റ് എത്തി. ഇപ്പോൾ ആകെയുള്ള 172 കിടക്കകളിൽ 49 എണ്ണത്തിൽ മാത്രമേ രോഗികളുള്ളു.

വെന്റിലേറ്റർ രോഗികൾ കുറവ് - ( 21|104)

ഐ.സി.യു രോഗികൾ കൂടുതലാണെങ്കിലും വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. നൂറ്റിനാല് വെന്റിലേറ്റർ കിടക്കകളിൽ ഇരുപത്തൊന്നിൽ മാത്രമേ രോഗികളുള്ളു.

രോഗികളേറെയും വാക്സിനെടുത്തവർ

വാക്സിനെടുത്താൽ കൊവിഡ് ബാധിക്കില്ലെന്ന ധാരണ തെറ്റാണ്. കൊവിഡ് പോസിറ്റീവാകുന്നവരിൽ ഭൂരിഭാഗവും ഒരു വാക്സിനെങ്കിലും പൂർത്തിയാക്കിയവരാണ്. രണ്ട് ഡോസ് എടുത്തവരും രോഗികളായുണ്ട്.

849 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 849 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രണ്ടു പേർ വിദേശത്തു നിന്ന് വന്നതും ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതുമാണ്. 846 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

" ഐ.സി.യു രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയുണ്ട്. വാക്സിനെത്തിയതിനാൽ കൊവിഡിനെ പേടിക്കേണ്ടെന്ന് വിചാരിക്കരുത്. രോഗം എല്ലാവരെയും ഒരു പോലെയാവില്ല ബാധിക്കുക. മുൻകരുതലുകൾ എടുത്തേ മതിയാകു. "

ഡോ. സി. എസ്. നന്ദിനി

(എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ)

Advertisement
Advertisement