കണ്ണീരിന്റെ കരുത്തിൽ 9 / 11 സ്‌മാരകം

Friday 10 September 2021 11:38 PM IST

ന്യൂയോർക്ക്:ലോകത്തെ നടുക്കിയ 9 / 11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വർഷം തികയുമ്പോൾ ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിലെ സ്‌മാരകം ഭീകരതയ്‌ക്കെതിരെ കണ്ണീരിന്റെ കരുത്തുള്ള അതീജീവനത്തിന്റെ മഹാപ്രതീകമാകുന്നു. 9 /11 സ്മൃതിദിനമായ ഇന്ന് അർദ്ധരാത്രി വരെ സ്മാരകം തുറന്നിരിക്കും, ഭീകരതയ്‌ക്കെതിരെ അണിചേരാനുള്ള സന്ദേശമായി...

ലോകവ്യാപാര കേന്ദ്രത്തിന്റെ ആകാശഗോപുരങ്ങൾ നിന്ന സ്ഥാനത്ത് നഷ്‌ടത്തിന്റെ ആഴങ്ങളിലേക്കെന്ന പോലെയുള്ള സ്മാരകം രൂപകൽപ്പന ചെയ്‌തത് മൈക്കിൾ അരാദ് എന്ന ആർക്കിടെക്ടാണ്. ന്യൂയോർക്കിലെ ഭവന നിർമ്മാണ വകുപ്പിൽ ആർക്കിടെക്ട് ആയിരുന്ന മൈക്കിൾ അരാദിന് 2003ലാണ് ആ ക്ഷണം വന്നത്.

വൺ വേൾഡ് ട്രേഡ് സെന്റർ എന്ന പേരിൽ പുനർനിർമ്മിച്ച ലോക വ്യാപാര ഗോപുരത്തിന്റെ ആർക്കിടെക്ട് ഡാനിയേൽ ലിബ്സ്‌കിൻഡിനായിരുന്നു സൈറ്റിന്റെ ചുമതല. 60 അടി ആഴത്തിൽ എട്ട് ഏക്കർ വിസ്തതിയുള്ള ഒരു വിശാല ഗർത്തമായാണ് അദ്ദേഹം സ്മാരകം വിഭാവനം ചെയ്‌തത്. മൈക്കിൾ അരാദ് അത് നിരാകരിച്ചു.

2001 സെപ്റ്റംബർ 11ന് അരാദ് ന്യൂയോർക്കിലെ ഈസ്റ്റ് വില്ലേജിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഭീകരർ രണ്ടാമത്തെ വിമാനം വ്യാപാര കേന്ദ്രത്തിന്റെ തെക്കേ ഗോപുരത്തിൽ ഇടിച്ചു കയറ്റിയത്. അരാദ് ആ ഭീകരത കണ്ട് ഞെട്ടിത്തരിച്ചു.

മൂവായിരത്തോളം മരണങ്ങൾ. തിരിച്ചറിയപ്പെടാത്ത ജഡങ്ങൾ. ഉറ്റവരെ നഷ്‌ടപ്പെട്ടവരുടെ സങ്കടങ്ങൾ ഒരു ജനതയുടെ മഹാദുഃഖമാകുന്നതും അതിൽ ആ ജനത ഒറ്റക്കെട്ടാകുന്നതും അരാദ് കണ്ടതാണ്. സ്മാരകത്തിന്റെ ഡിസൈനിൽ അത് പ്രതിഫലിക്കണം. നഷ്ടത്തിന്റെ പ്രതിഫലനം എന്ന അർത്ഥത്തിൽ റിഫ്ലക്‌ടിംഗ് ആബ്സൻസ് എന്ന ആശയം രൂപകൽപ്പനയിൽ കൊണ്ടുവന്നു.

സമചതുരത്തിൽ ഒരേക്കർ വിസ്‌തൃതിയുള്ള സ്ഥലവും അതിന് നടുവിൽ മറ്റൊരു സമചതുര സ്ഥലവുമാണ് സ്മാരകത്തിന്റെ ഹൃദയഭാഗം. മുപ്പതടി ഉയരമുള്ള നാല് ഭിത്തികളിലൂടെ ജലപാളികൾ ആദ്യത്തേതിലേക്കും അതിൽ നിന്ന് രണ്ടാമത്തേതിലേക്കും ഒഴുകിയിറങ്ങുന്നു. ആറ് നിലകളുടെ ആഴമുള്ള രണ്ടാമത്തേതിന്റെ അടിത്തട്ട് ആർക്കും കാണാനാവില്ല. സ്മാരകത്തിൽ എത്തുന്നവർക്ക് ഹൃദയത്തിൽ ഒരു മഹാനഷ്ടം അനുഭവിച്ചറിയാം എന്നാണ് അരാദ് പറയുന്നത്. ചുറ്റിലും പതിച്ച പിത്തള ഫലകങ്ങളിൽ 9/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 2,​983 ആളുകളുടെ പേരുകൾ ആലേഖനം ചെയ്‌തിട്ടുണ്ട്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഒരു സ്ഥലത്ത് ഒരുമിച്ച് മരിച്ചവരുടെയും ഭീകരർ ഇടിച്ചു കയറ്റിയ വിമാനങ്ങളിലെ യാത്രക്കാരുടെയും പേരുകൾ അടുത്തടുത്ത് രേഖപ്പെടുത്തിയിട്ടുള്ളത് വല്ലാത്തൊരു

വൈകാരികതയാണ് പകരുന്നത്.രാത്രി ഈ പേരുകളും ജലപാളികളും പ്രകാശത്തിൽ തിളങ്ങും. നടുവിലുള്ള സ്ഥലം മാത്രം ഇരുട്ടിലായിരിക്കും.

ലോകമെമ്പാടും നിന്ന് 5,​201ഡിസൈനുകളാണ് മത്സരത്തിന് വന്നത്. അതെല്ലാം തള്ളിയാണ് അരാദിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് വർഷം കൊണ്ടാണ് സ്‌മാരകം പൂർത്തിയായത്. പത്തു വർഷം മുമ്പ് തുറന്നു കൊടുത്തു.

മൈക്കിൾ അരാദ്

1969ൽ ലണ്ടനിൽ ജനിച്ച ഇസ്രയേലി പൗരൻ. ഇപ്പോൾ യു. എസ് - ഇസ്രയേൽ പൗരത്വം. അമേരിക്കയിലെ ഇസ്രയേൽ അംബാസഡറായിരുന്ന മോഷെ അരാദാണ് പിതാവ്. ഡാർട്ട്മൗത്ത് കോളേജിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം. കുറച്ചു കാലം ഇസ്രയേലിൽ സൈനിക സേവനം. ഭാര്യ മെലാനി ഫിറ്റ്സ്‌പാട്രിക്.

Advertisement
Advertisement