നോക്കുകൂലിയിൽ ഹൈക്കോടതി പരാമർശം, 'നിയമം കൈയിലെടുക്കുന്നത് സർക്കാർ വിലക്കാത്തതെന്ത് ?'

Saturday 11 September 2021 12:01 AM IST

കൊച്ചി: നോക്കുകൂലിയുടെ പേരിൽ തൊഴിലാളികൾ നിയമം കൈയിലെടുക്കുന്നത് സർക്കാർ വിലക്കാത്തതെന്താണെന്നും ഇങ്ങനെ ചെയ്യാതെ വ്യവസായികൾക്ക് കേരളത്തിലേക്ക് വരാൻ ധൈര്യമുണ്ടാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രാദേശിക നേതാക്കൾ ഹോട്ടൽ നിർമ്മാണം തടയുന്നെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം തേടി അഞ്ചൽ സ്വദേശി ടി.എസ്. സുന്ദരേശൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള പരാമർശം. തൊഴി​ൽ ലഭി​ക്കാനുള്ള നിയമപരമായ അവകാശത്തിന്റെ പേരി​ൽ തൊഴിലാളികൾ നിയമം കൈയിലെടുക്കുന്ന സ്ഥിതിയാണെന്നും കോടതി വിമർശിച്ചു.

നോക്കുകൂലി തടയാൻ 2018ൽ ഉത്തരവിറക്കിയശേഷം 11 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ നൂറുകണക്കിന് കേസുകളുണ്ടെന്ന് കോടതി പറഞ്ഞു. വസ്തുതകൾ മറച്ചുവച്ചാണ് പല കേസും കോടതിയിലെത്തുന്നതെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും സത്യസന്ധമല്ലാത്ത ഹർജികൾ കോടതി അനുവദിക്കില്ലെന്ന് സിംഗിൾ ബെഞ്ച് മറുപടി നൽകി. ഹർജിക്കാരന് സംരക്ഷണം നൽകാൻ പറഞ്ഞ കോടതി ഇത്തരം തർക്കങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് വിശദമായ റിപ്പോർട്ട് നൽകാനും നിർദേശിച്ചു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണം. ഹർജി സെപ്തംബർ 27 ലേക്ക് മാറ്റി.

 'ഇച്ഛാശക്തി വേണം'

നോക്കുകൂലി നിരോധിച്ച് സർക്കുലർ ഇറങ്ങി ഒരു പതിറ്റാണ്ടോളമായിട്ടും ഇപ്പോഴും പരാതി വരുന്നത് അലോസരപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറ‌ഞ്ഞു. നോക്കുകൂലി തടയാൻ നടപടിയെടുക്കാതെ ഉത്തരവും സർക്കുലറും ഇറക്കിയിട്ട് പ്രയോജനമില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. തൊഴിൽ നിഷേധിച്ചാൽ ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. സംഘടിത ശക്തിയുള്ളതിനാൽ തൊഴിലാളികൾ ഈ മാർഗം സ്വീകരിക്കുന്നില്ല. തൊഴിലാളികൾ കൺസിലിയേഷൻ (മദ്ധ്യസ്ഥത) ഓഫീസറെ സമീപിച്ചാൽ പെട്ടെന്ന് പരിഹാരം കാണാൻ സംവിധാനം വേണം. കോടതിയാണ് ഇപ്പോൾ ഈ ചുമതല നിർവഹിക്കുന്നത്. നിയമവാഴ്ച നിലവിലുണ്ടെന്ന് നിക്ഷേപകർക്ക് ബോദ്ധ്യമായാലേ സംസ്ഥാനം വ്യവസായ സൗഹൃദമാകൂ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നു കേൾക്കുന്നത് സുഖമുള്ള കാര്യമല്ല. അതു പൂർണമായും സത്യവുമല്ല. ചീത്തപ്പേര് മാറ്റിയെടുക്കാൻ ഇച്ഛാശക്തി വേണം. വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവം കേരളത്തിനുണ്ടാക്കിയ ചീത്തപ്പേര് ചെറുതല്ല.

Advertisement
Advertisement