ഹരിത വിഷയത്തിൽ വനിതാ കമ്മിഷന് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

Saturday 11 September 2021 12:19 AM IST

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷന് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വമേധയാ കേസെടുക്കേണ്ട വിഷയത്തിൽ കമ്മിഷൻ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടൽ കാരണമാണ്. പുതിയ അദ്ധ്യക്ഷ വന്നിട്ടും കമ്മിഷന് ഒരു മാറ്റവുമില്ല. സ്ത്രീവിമോചനവാദികളും ആക്ടിവിസ്റ്റുകളും ഇത്രയും വലിയ സ്ത്രീവിരുദ്ധത കണ്ടിട്ടും മൗനം അവലംബിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്യുന്നതാണ് ഇവിടെ മുസ്ലിംലീഗും ചെയ്യുന്നത്. സഖ്യകക്ഷിയുടെ ഇത്തരം സമീപനത്തിനെതിരെ രാഹുൽ ഗാന്ധിയുടെ മൗനം തികഞ്ഞ അവസരവാദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

 പാലാ ബിഷപ്പിന്റെ

ആശങ്ക പരിശോധിക്കണം

പാലാ ബിഷപ്പിന്റെ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. അദ്ദേഹത്തിന്റെ ആശങ്ക പരിശോധിക്കണം. ഇതിന്റെ പേരിൽ ബിഷപ്പിന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് പറയുന്നത് എന്തിനാണ്.

 കണ്ണൂർ സർവകലാശാല

കോൺഗ്രസ് നിലപാട് അസഹിഷ്ണുത

കണ്ണൂർ സർവകലാശാലയിൽ ദേശീയ നേതാക്കളെ ഉൾപ്പെടുത്തിയുള്ള സിലബസിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അസഹിഷ്ണുതയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ വർഗീയത അഴിഞ്ഞാടുകയാണ്. കോൺഗ്രസ് സി.പി.എമ്മിന്റെ ബി ടീമാണ്. വി.ഡി സതീശൻ സേഫ്റ്റി വാൽവായാണ് പ്രവർത്തിക്കുന്നത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നത് ലീഗ് നേതാവാണ്. ഇക്കാര്യത്തിൽ കെ.ടി. ജലീൽ സത്യം പറഞ്ഞാൽ കരിവന്നൂരിലെയും കടകംപള്ളിയിലേയും അടക്കം പല സഹകരണ ബാങ്കുകളിലെയും കള്ളപ്പണ ഇടപാടുകൾ വെളിച്ചത്താവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement