ത്രിപുരയിൽ ബി.ജെ.പി ആക്രമണം: സി.പി.എം ഐക്യദാർഢ്യ ദിനാചരണം 13ന്

Saturday 11 September 2021 12:20 AM IST

തിരുവനന്തപുരം: ത്രിപുരയിൽ സി.പി.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കാനും പാർട്ടി പ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും 13ന് ത്രിപുര ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് 5 മുതൽ 6 വരെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കും.
പ്രവർത്തന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിഷേധിച്ച് മനുഷ്യത്വഹീനമായാണ് ത്രിപുരയിൽ ബി.ജെ.പിയുടെ അക്രമവും തീവയ്പും. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത് മുതൽ തുടങ്ങിയതാണ് സി.പി.എമ്മിനെതിരായ കിരാതമായ ആക്രമണം. പാർട്ടിയുടെ മുഖപത്രമായ ദേശർകഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുൻമുഖ്യമന്ത്രി മണിക് സർക്കാരിന്റെ പരിപാടികളും അക്രമിക്കപ്പെട്ടു. പാർട്ടി ഓഫീസുകൾക്കും വാഹനങ്ങൾക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് സി.പി.എം പ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്.
ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ത്രിപുര സർക്കാർ തന്നെ കുഴപ്പത്തിലാണ്.
ബി.ജെ.പിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്നങ്ങളുയർത്തിയും സി.പി.എം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണം. അധികാരത്തിലില്ലെന്ന് കരുതി ത്രിപുരയിൽ സി.പി.എമ്മിന്റെ വേരറുക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണ്. അക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി തിരിച്ചടിക്കാനുള്ള ശേഷി പാർട്ടിക്കുണ്ട്. അധികാരമുപയോഗിച്ച് എതിരാളികളെ നാമാവശേഷമാക്കാനുള്ള ആർ.എസ്.എസ്- ബി.ജെ.പി സംഘടിതവുമായ നീക്കമാണ് ത്രിപുരയിൽ നടക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി.

Advertisement
Advertisement