ഒരു അങ്കണവാടി തന്നൂടേ, ഞങ്ങളും പഠിച്ചോട്ടെ !

Saturday 11 September 2021 12:21 AM IST
കടയ്ക്കൽ അയിരക്കുഴി കണ്ണങ്കോട് നാലുസെന്റ് കോളനിയിലെ കുട്ടികൾ

 ചിതറയിലെ കോളനികളിൽ പഠനസൗകര്യമില്ല

കൊല്ലം: ചിതറ പഞ്ചായത്തിലെ കടയ്ക്കൽ അയിരക്കുഴി കണ്ണങ്കോട് നാലുസെന്റ് കോളനി ഉൾപ്പെടെ പ്രദേശത്തെ നാല് കോളനികളിലെ 250ൽ അധികം പട്ടികജാതി കുടുംബങ്ങളിലുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാതെ വലയുന്നു. നടന്നുപോകാൻ നല്ലൊരു വഴിയോ അങ്കണവാടിയോ ഒന്നുമില്ലാത്ത കോളനികളെ നിർദാക്ഷണ്യം അവഗണിക്കുകയാണ് അധികൃതർ.

ടാർപ്പ മൂടിയ ഒറ്റമുറി കുടിലുകളിൽ കഴിയുമ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പെടാപ്പാട് പെടുകയാണിവർ. അങ്കണവാടികളിൽ കുട്ടികളെ അയയ്ക്കാൻ കഴിയാത്തതിനാൽ സാമൂഹ്യക്ഷേമ വകുപ്പ് വഴിയുള്ള പോഷകാഹാരവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കോളനികൾക്ക് ഏറ്റവും അടുത്തുള്ള അങ്കണവാടിയാകട്ടെ ഏകദേശം 2.5 കിലോമീറ്റർ അകലെ പെരിങ്ങോട് ഭാഗത്താണ്. കാടും കുന്നുമിറങ്ങി ഇവിടെയെത്തണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണം. ഓട്ടോയിലോ മറ്റോ പോകാൻ ഓരോ യാത്രയ്ക്കും 200 രൂപയിലധികം ചെലവാകുകയും ചെയ്യും.

പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവർ ആശ്രയിക്കുന്നത് കണ്ണങ്കോട് എൽ.പി.എസിനെയാണ്. കോളനികളിലെ കുട്ടികൾ ഇവിടെ പഠനം ആരംഭിക്കുമ്പോൾ മറ്റു കുട്ടികൾ അക്ഷരങ്ങളൊക്കെ പഠിച്ച് വളരെ മുന്നിലായിരിക്കും. അങ്കണവാടിയിൽ പോവാതെ നേരേ സ്കൂളിലേക്ക് വരുന്നതിനാൽ ഈ കുട്ടികളെല്ലാം ക്ളാസിൽ വല്ലാത്ത അങ്കലാപ്പിലുമാവും. മുന്നോട്ടുള്ള പഠനത്തിലും ഇവർ പിന്നാക്കം പോകാനുള്ള സാദ്ധ്യതയും കൂടുതലാണ്. കണ്ണങ്കോട് മേഖലയിൽ അങ്കണവാടി അനുവദിച്ച് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനും പോഷകാഹാര കുറവ് നികത്താനും അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

വീടിന് ആനുകൂല്യങ്ങളില്ല

1982ലാണ് ചിതറ പഞ്ചായത്തിലെ കണ്ണങ്കോട് മിച്ചഭൂമിയിൽ നിന്ന് നാല് സെന്റ് വീതം പട്ടികജാതിക്കാർക്കായി അനുവദിച്ചത്. ആദ്യഘട്ടത്തിൽ വസ്‌തു സ്വീകരിച്ചവർക്ക് പണം നൽകി വാങ്ങിയവരാണ് ഇപ്പോൾ ഇവിടങ്ങളിൽ താമസിക്കുന്നത്. എന്നാൽ ഇവരാരും വസ്തുവിന്റെ ഉടമകളല്ല എന്നതാണ് യാഥാർത്ഥ്യം. ഉടമകളുടെ കണക്കെടുത്താൽ ചില പ്രമുഖർ ഉൾപ്പെടുമെന്നും ഈ ഭാഗങ്ങളിലെ റബർ മരങ്ങളുടെ ആദായം എടുക്കുന്നത് ഇവരാണെന്നും ആരോപണമുണ്ട്.

വിഷയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഇടപെട്ടിട്ടുണ്ടെങ്കിലും പട്ടയ വിഷയത്തിൽ കടമ്പകൾ ഏറെയുണ്ടെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഒറ്റമുറി കുടിലുകളിലാണ് കഴിയുന്നതെങ്കിലും രേഖകൾ ഇപ്പോഴും കൃത്യമല്ലാത്തതിനാൽ വീടുവയ്ക്കുന്നതിനുള്ള ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കില്ല.

Advertisement
Advertisement