ഈ കേക്കിന് മൂന്ന് പതിറ്റാണ്ടിന്റെ മാധുര്യം

Saturday 11 September 2021 12:29 AM IST

 വെള്ളാപ്പള്ളിക്ക് മാത്യുവിന്റെ ജന്മദിന സമ്മാനം

ചേർത്തല: മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദ മധുരമുണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പി.ജെ. മാത്യു സമ്മാനിക്കുന്ന പിറന്നാൾ കേക്കിന്. മാത്യു ഇത്തവണയും കേക്കുമായെത്തും. നാളെയാണ് വെള്ളാപ്പള്ളിയുടെ ജന്മദിനം. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവിലാണ് വെള്ളാപ്പള്ളി.

ചേർത്തല ശ്രീനാരായണകോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്ന് പ്രിൻസിപ്പലായിരുന്ന ഉദയഭാനുവഴിയാണ് മാത്യു വെള്ളാപ്പള്ളിയുമായി സൗഹൃദത്തിലായത്. തുടർന്ന് ജന്മദിനത്തിൽ കേക്ക് സമ്മാനിച്ചു. പന്നീട് മാത്യു എത്തിക്കുന്ന കേക്ക് മാത്രമാണ് ജന്മദിനത്തിൽ വെള്ളാപ്പള്ളി മുറിച്ചിരുന്നത്. ഈ സമയം കൊങ്കൺ റെയിൽവേ കരാർ ജോലികളിൽ വ്യാപൃതനായിരുന്ന വെള്ളാപ്പള്ളി കോളേജിന്റെ ആഘോഷ പരിപാടികളുടെ മുഖ്യചുമതലക്കാരനുമായിരുന്നു. ആലപ്പുഴയിൽ യുണൈറ്റൈഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഡെവലപ്പ്മെന്റ് ഓഫീസറായിരുന്നു അന്ന് മാത്യു. വെള്ളാപ്പള്ളിയുടെ മുഴുവൻ വാഹനങ്ങളുടെയും ഇൻഷ്വറൻസ് പുതുക്കിനൽകിയിരുന്നത് ഇദ്ദേഹമാണ്. ഈ ബന്ധം മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോഴും തുടരുന്നു. 2018 ൽ സർവീസിൽ നിന്ന് വിരമിച്ചു.

ഇപ്പോൾ തൃശൂർ മാളയിൽ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ എന്ന സ്ഥാപനം നടത്തിവരുകയാണ്. കുട്ടനാട് പുളിങ്കുന്ന് കണ്ണാടി പുന്നുകുളമാണ് മാത്യുവിന്റെ സ്വദേശം. എറണാകുളം കടവന്ത്രയിൽ താമസം. 24 വർഷമായി മാത്യുവും ഭാര്യ അഡ്വ. പേളി ജോസും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളാണ്.

"

ജന്മം കൊണ്ട് ക്രിസ്ത്യാനിയും കർമ്മം കൊണ്ട് ഈഴവനുമാണെന്നാണ്,​ വെള്ളാപ്പള്ളി എന്നെ എല്ലാവരെയും പരിചയപ്പെടുത്തുന്നത്.

പി.ജെ. മാത്യു

Advertisement
Advertisement