പാലാ ബിഷപ്പിന്റെ പരാമർശം: മതപരമായ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

Saturday 11 September 2021 12:35 AM IST

തിരുവനന്തപുരം: മയക്കുമരുന്നിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുതെന്നും അതിന് സാമൂഹ്യവിരുദ്ധതയുടെ നിറമാണുള്ളതെന്നും പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേർതിരിവ് ഉണ്ടാക്കാതിരിക്കാനും അനാവശ്യമായ ചേരികൾ സൃഷ്ടിക്കാതിരിക്കാനും അങ്ങേയ​റ്റം ശ്രദ്ധിക്കണം. പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതൻ കൂടിയാണ്. സമൂഹത്തിൽ സ്വാധീന ശക്തിയുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാർക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മൾ ആദ്യമായി കേൾക്കുകയാണ്. നാർക്കോട്ടിക്കിന്റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. നാം എല്ലാവരും അതിൽ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയിൽ ഒക്കെ അതിനെ തടയാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികൾ ശക്തിപ്പെടുത്തുകയുമാണ്. ബിഷപ്പ് ഇക്കാര്യം പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്റി പറഞ്ഞു.

Advertisement
Advertisement