ഒറ്റ ക്ളിക്കിൽ യാത്രികർക്ക് അറിയേണ്ടതും അറിയുന്നതുമായ സ്ഥലങ്ങളിലെ വിവരങ്ങൾ റെഡി; കേരള ടൂറിസം ആപ്പ് ഉദ്ഘാടനം ചെയ്‌ത് മോഹൻലാൽ

Saturday 11 September 2021 4:36 PM IST

തിരുവനന്തപുരം: ഗോഡ്സ് ഓൺ കൺട്രി എന്നറിയപ്പെടുന്ന കേരളത്തിൽ ഇനിയും കണ്ടെത്തപ്പെടേണ്ട ഒരുപാട് ഇടങ്ങളുണ്ട്. അവ കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് ലോഞ്ച് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുള‌ളതായി നടൻ മോഹൻലാൽ. ടൂറിസവുമായി ബന്ധപ്പെട്ട കേരള ടൂറിസം ആപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം . കോവളം റാവീസ് ഹോട്ടലിലായിരുന്നു ചടങ്ങ്. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടിയിൽ സന്നിഹിതനായിരുന്നു.

ആപ്പ് വിജയകരമാകട്ടെയെന്നും മംഗളകരമാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും ഒന്നിലധികം സ്ഥലങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങൾ കൂടി ആപ്പിൽ ഉൾപ്പെടുത്താനും സാധിച്ചതായി മന്ത്രി പറഞ്ഞു. ഒപ്പം ഇപ്പോൾ പ്രശസ്തമായ സ്ഥലങ്ങളും ഉണ്ട്. യാത്രികന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വിരൽതുമ്പിൽ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും അദ്ദേഹം അറിയിച്ചു