ഇനി തിരുവനന്തപുരം സിറ്റി ഗ്രീൻ ആന്റ് ക്ളീൻ; ഉടൻ പ്രവർത്തനം ആരംഭിക്കുന്നു തലസ്ഥാനത്തെ ആദ്യ സിഎൻജി സ്‌റ്റേഷൻ

Saturday 11 September 2021 5:22 PM IST

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണമില്ലാത്ത ഇന്ധനമായ സിഎൻജി(കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്) നൽകുന്ന ആദ്യ സ്റ്റേഷൻ തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഈഞ്ചയ്‌ക്കലിലെ അരവിന്ദ് ഫ്യുവൽസിലാണ് തലസ്ഥാനത്തെ ആദ്യ സിഎൻജി (കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്) സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക.

തലസ്ഥാന വികസനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകും ഈ സിഎൻജി സ്‌റ്റേഷനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആശംസിച്ചു. വാഹനങ്ങളുടെ ഇന്ധനമായി വാതകം വരുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറവുണ്ടാകും. ലോകമാകെയുള‌ള വ്യവസായ ലോകം വാതകാടിസ്ഥാനമായ സാങ്കേതിക വിദ്യയിലേക്ക് ഇപ്പോൾ മാറുകയാണ്. നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വാതക അടിസ്ഥാനമായ ടെക്നോളജി ഏറെ പ്രയോജനകരമാണെന്നും വി.മുരളീധരൻ പറഞ്ഞു.

വായുവിനെക്കാൾ ഭാരം കുറഞ്ഞതും നിറമില്ലാത്തതും അന്തരീക്ഷ മലിനീകരണം തീരെയില്ലാത്തതുമായ പ്രകൃതി വാതകമാണ് സിഎൻജി. പുറത്തെത്തിയാലുടൻ അന്തരീക്ഷത്തിൽ ഇത് ശിഥിലമായി ഇല്ലാതാകുന്നതുകൊണ്ടാണിത്. ‌ഡീസലിന് 410 ഡിഗ്രി ഫാരൻഹീറ്റും പെട്രോളിന് 495 ഡിഗ്രി ഫാരൻഹീറ്റുമാണ് ജ്വലന താപനിലയെങ്കിൽ സിഎൻജിയ്‌ക്ക് അത് 1000 തൊട്ട് 1100 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ്. നിറമില്ലാത്തതും വിഷമയമില്ലാത്തതുമാണിത്. ചോർന്ന് ഭൂഗർഭ ജലത്തിൽ ചേർന്നുള‌ള പ്രശ്‌നങ്ങളൊന്നും സിഎൻജി കാരണം ഇല്ലേയില്ല. വാഹനങ്ങളുടെ പ്രവർത്തന ചിലവിലും ലാഭകരമാണ് സിഎൻജി. അതുകൊണ്ടുതന്നെ സുരക്ഷിതമായ നാളെയുടെ ഇന്ധനമാണ് സിഎൻജി എന്ന് തീർച്ചയായും പറയാനാകും.

Advertisement
Advertisement