കള്ളിയമ്പാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം

Sunday 12 September 2021 12:24 AM IST
കാട്ടാനക്കൂട്ടം ഇറങ്ങിയ കൃഷിനശിപ്പിച്ച മുതലമട കള്ളിയമ്പാറ, വേലങ്കോട് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ കെ.ബാബു എം.എൽ.എ സന്ദർശിക്കുന്നു.

മുതലമട: കള്ളിയമ്പാറ, വേലങ്കോടി എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം. പ്രദേശത്തെ കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയ്ക്കാണ് വ്യാപക നാശം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ചെന്താമരാക്ഷൻ, മോഹൻദാസ്, സന്തോഷ്, ഉഷാകുമാരി, മുരളീദാസ് എന്നിവരുടെ കാർഷിക വിളകളാണ് നശിച്ചത്. പ്രദേശത്ത് രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കാട്ടാന ആക്രമണാണിത്. കഴിഞ്ഞ രണ്ടു തവണയും ഒറ്റയാനായിരുന്നു കൃഷിയിടങ്ങളിൽ ഇറങ്ങി പരാക്രമണം നടത്തിയത്.

കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നതിനു പുറമെ ജനവാസ കേന്ദ്രത്തിലേക്ക് ചേക്കേറി ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നാശം സംഭവിച്ച കർഷകരുടെ കൃഷിസ്ഥലങ്ങൾ കെ. ബാബു എം.എൽ.എ സന്ദർശിച്ചു.

വനംവകുപ്പു മന്ത്രികളുമായി സംസാരിച്ച് ആനക്കൂട്ടം ഇറങ്ങുന്നത് തടയാനും കാർഷിക വിളനാശത്തിന് നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ കർഷകർക്ക് വാക്കുനൽകി. കള്ളിയമ്പാറ, വേലങ്കോട് ഭാഗത്ത് വനപാലകരെ നിയോഗിക്കാനും തീരുമാനിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, പഞ്ചായത്ത് അംഗം അബ്ദുൾ റഹീം, വനപാലകർ എന്നിവരും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു.