വെള്ളാപ്പള്ളി നടേശന് ഇന്ന് ശതാഭിഷേകം

Sunday 12 September 2021 12:12 AM IST

ആലപ്പുഴ: ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച നിറവിൽ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് ശതാഭിഷേകം. കൊവിഡ് കാലമായതിനാൽ 84 ാം പിറന്നാളിൽ ആഘോഷങ്ങളൊന്നുമില്ല. മൂന്നു ദിവസം നീണ്ടു നിന്ന പൂജകൾ ഇന്ന് രാവിലെ പൂർത്തിയാകും. തുടർന്ന് കുടുംബാംഗങ്ങളുമൊത്ത് കേക്ക് മുറിക്കും.

ശതാഭിഷേകത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ 'സഹസ്ര പൂർണിമ' എന്ന പേരിൽ നടത്തും.

യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ തുടർച്ചയായി കാൽനൂറ്റാണ്ട് തികയ്‌ക്കുന്നവേളയിലാണ് ശതാഭിഷേകമെന്ന അപൂർവതയുമുണ്ട്. 1996 ജനുവരി 27ന് എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ അതേവർഷം നവംബർ 17ന് യോഗം ജനറൽ സെക്രട്ടറിയുമായി. 15 വർഷം ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ റെക്കാഡും മറികട‌ന്നു. ആർ. ശങ്കറിന് ശേഷം ഒരേസമയം യോഗത്തിന്റെയും എസ്.എൻ ട്രസ്‌റ്റിന്റെയും അമരത്ത് എത്തിയയാൾ എന്ന നേട്ടവും വെള്ളാപ്പള്ളിക്ക് സ്വന്തം. 27 ാം വയസിൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായ വെള്ളാപ്പള്ളി ഇപ്പോഴും ആ പദവിയിൽ തുടരുന്നു. വെള്ളാപ്പള്ളി കേശവൻ മുതലാളിയുട‌െയും ദേവകി അമ്മയുടെയും 12 മക്കളിൽ ഏഴാമനായി 1937 സെപ്‌തംബർ പത്തിന് ജനനം. നക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖമാണ് പിറന്നാളായി ആഘോഷിക്കുന്നത്.