സുപ്രീംകോടതിയിൽ കേരളം, പ്ലസ് വണ്ണിന് ഓഫ് ലൈൻ പരീക്ഷ തന്നെ വേണം
ന്യൂഡൽഹി: സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ നിന്ന് വ്യത്യസ്തമായതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പ്ളസ്‌വൺ പരീക്ഷ സ്റ്റേ ചെയ്‌ത എ.എം.ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് കേരളം ഓൺലൈൻ പരീക്ഷയുടെ പ്രായോഗിക ബുദ്ധിമുട്ടുൾപ്പെടെ വ്യക്തമാക്കിയത്.
പ്ളസ് വൺ പരീക്ഷാഫലം വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് അടക്കം നിർണായകമാണ്. പ്ളസ് ടു പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റ വിദ്യാർത്ഥിക്ക് പ്ളസ് വൺ പരീക്ഷയിലും ജയിക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് എഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളത്തിന്റെ നിലപാട്
പ്ളസ് വൺ, പ്ളസ് ടു മാർക്കു കണക്കാക്കുന്നത് വ്യത്യസ്ത രീതിയിലായതിനാൽ പരീക്ഷ ഇല്ലാതെ മൂല്യനിർണയം നടത്തിയ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ രീതികൾ പിന്തുടരാനാകില്ല
ഇന്റർനെറ്റ് കണക്‌ഷനും കംപ്യൂട്ടർ,മൊബൈൽ സൗകര്യങ്ങളും ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പരീക്ഷ ബുദ്ധിമുട്ടാകും. ഓൺലൈൻ പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കും സാദ്ധ്യത
ലക്ഷക്കണക്കിനു പേർ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിടെക് പരീക്ഷകളും ജെ.ഇ.ഇ മെയിനും ഓഫ് ലൈനായി എഴുതി. ഇതേ മാതൃകയിൽ പ്ളസ് വൺ പരീക്ഷയും നടത്താനാകും
.