കൃഷിയിടത്ത് മാലിന്യം തള്ളി

Sunday 12 September 2021 12:35 AM IST

കോങ്ങാട്: ലെക്കിടി മുളഞ്ഞൂരിൽ കൃഷി സ്ഥലത്ത് മാലിന്യം തള്ളി, സംഭവത്തിൽ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. മുളഞ്ഞൂർ കുണ്ടിൽ പാടശേഖരത്തിലെ രാധാകൃഷ്ണന്റെ ഞാറ്റടിയിലാണ് കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധർ രാത്രിയിൽ കോഴി, മത്സ്യം എന്നിവയുടെ മാലിന്യം ചാക്കിലാക്കി തള്ളിയത്. മൂന്ന് ഏക്കർ കൃഷി സ്ഥലത്തേക്കു നടീലിനായി തയ്യാറാക്കിയ നാലുദിവസം പ്രായമായ ഞാറ്റടിയിലാണ് മാലിന്യം തള്ളിയത്.

മാലിന്യം തള്ളിയതിനാൽ ഞാറ് കരിഞ്ഞു പോകുമെന്നും നടീൽ നടത്താനാകില്ലെന്നും കർഷകർ പറഞ്ഞു. മംഗലം മുരുക്കുംപറ്റ പാതയോരത്തെ കൃഷി സ്ഥലത്തേക്കാണ് മാലിന്യം തള്ളുന്നത്. പാതയോരത്തെ വയലുകളിലേക്ക് മാലിന്യം തള്ളുന്നത് നിത്യസംഭവം ആയിരിക്കുകയാണന്നാണ് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മാലിന്യംതള്ളി വയലും പരിസരവും നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.