നടൻ രമേശ് വലിയശാല ജീവനൊടുക്കി

Sunday 12 September 2021 12:00 AM IST

തിരുവനന്തപുരം: പ്രമുഖ സീരിയൽ താരം രമേശ് വലിയശാല (54) തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വലിയശാലയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് പുറത്തുപോയിരുന്ന ഭാര്യ മിനിയും മകൾ ശ്രുതിയും തിരിച്ചെത്തിയപ്പോഴാണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കണ്ണൻ താമരക്കുളത്തിന്റെ 'വരാൽ" സിനിമയിൽ അഭിനയിച്ചശേഷം കൊച്ചിയിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് രമേശ് വീട്ടിലെത്തിയത്. ആദ്യ ഭാര്യ ഗീതാകുമാരി നാലു വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്നാണ് മിനിയെ വിവാഹം ചെയ്തത്. രമേശിന് ദാമ്പത്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മരിക്കുമെന്ന് സുഹൃത്തുക്കൾക്ക് സൂചന നൽകിയിരുന്നെന്നും തമ്പാനൂർ സി.ഐ എസ്. സനോജ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രമേശിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും സൂചനയുണ്ട്.

22 വർഷമായി സീരിയൽ രംഗത്ത് സജീവമായിരുന്നു. പൗർണമി തിങ്കളാണ് അവസാനം അഭിനയിച്ച സീരിയൽ. ദൂരദർശനിലെ 'ജ്വാലയായി" എന്ന മെഗാ സീരിയലിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. ഏതാനും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മകൻ ഗോകുൽ കാനഡയിൽ നിന്നെത്തിയ ശേഷം തിങ്കളാഴ്‌‌ച സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.