കൊവിഡ് മരണം കൂടുതലും വാക്സിനെടുക്കാത്തവരിൽ

Sunday 12 September 2021 12:00 AM IST

പത്തനംതിട്ട: വാക്സിനെടുക്കാത്തവരിൽ കൊവിഡ് ഗുരുതരാവസ്ഥയിലാകുകയാണ്. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും വാക്സിനെടുക്കാത്തവരിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിൻ എടുക്കാത്ത നിരവധിയാളുകൾ ഇപ്പോഴും ജില്ലയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണമൊന്നും അവരിൽ ഏൽക്കുന്നുമില്ല. നിർബന്ധിച്ച് വാക്സിനെടുപ്പിക്കരുതെന്ന് സർക്കാർ നിബന്ധന കൂടി ഉള്ളതിനാൽ ഇക്കൂട്ടർ വാക്സിനെടുക്കാൻ വിസമ്മതിക്കുകയാണിപ്പോഴും. ആരോഗ്യ പ്രവർത്തകരടക്കം കൊവിഡ് രോഗികളായി മാറുന്നുണ്ട്.

വാക്സിനെടുക്കാത്ത രോഗികളിൽ

ആരോഗ്യപ്രശ്നം

വാക്സിനെടുക്കാത്ത രോഗികളിലാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. കലശലായ പനി ദിവസങ്ങൾ നീണ്ടുനിൽക്കും. വിറയൽ, ശ്വാസംമുട്ടൽ, തൊണ്ടവേദന, രക്തം കട്ടപിടിക്കൽ വേഗത്തിലാകുക, ശക്തമായ തലവേദന, ഹൃദയസ്തംഭനത്തിന് സാദ്ധ്യത, ന്യുമോണിയ, മറ്റ് രോഗങ്ങളുള്ളവർക്ക് രോഗം മൂർച്ഛിക്കൽ തുടങ്ങി വലിയ ആരോഗ്യ പ്രശ്നങ്ങൾ വാക്സിനെടുക്കാത്തവരിൽ കണ്ടുവരുന്നുണ്ട്.

മരണപ്പെട്ടവരിൽ വാക്സിനെടുക്കാത്തവർ

(കഴിഞ്ഞ രണ്ടുമാസത്തെ കണക്ക്)

ആഗസ്റ്റ് : 78

സെപ്തംബർ (ഇതുവരെ) : 3

"വാക്സിനെടുക്കാത്തവരിൽ മരണസംഖ്യ കൂടുന്നതായാണ് കാണുന്നത്. വാക്സിൻ എടുത്തവരെ അപേക്ഷിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ പേരെ തീവ്രപരിചരണത്തിലാക്കേണ്ടി വരും. വാക്സിനെടുത്താലും രോഗം വരും. പക്ഷെ അവർക്ക് ആരോഗ്യ പ്രശ്നങ്ങളും മരണസാദ്ധ്യതയും കുറവായിരിക്കും. "

ഡോ. സി.എസ്. നന്ദിനി

(എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ)

Advertisement
Advertisement