ലഡാക്കിൽ നിന്ന് കന്യാകുമാരി വരെ... നോൺസ്റ്റോപ് ഡ്രൈവിൽ ഇവർ കുറിച്ചു; പുതുചരിത്രം

Sunday 12 September 2021 12:02 AM IST
ലഡാക്കിൽ നിന്ന് കന്യാകുമാരി വരെ നോൺസ്റ്റോപ് ഡ്രൈവ്​ ചെയ്ത് ​ റെക്കോർഡ് തിരുത്തിയ മൂവർ സംഘം

രാമനാട്ടുകര:ലഡാക്കിൽ നിന്ന് കന്യാകുമാരി വരെ കാറിൽ സഞ്ചരിച്ച് പുതുചരിത്രമെഴുതി മലയാളി യുവാക്കൾ .സെപ്തംബർ ഒന്നിന് രാവിലെ 07.05ന് ലഡാക്കിൽ നിന്ന് യാത്ര തിരിച്ച് മൂന്നിന് രാവിലെ 08: 39ന് കന്യാകുമാരിയിൽ എത്തിയതോടെ ഏഴ് വർഷം മുമ്പുള്ള റെക്കോർഡാണ് മൂവർ സംഘം തിരുത്തിയത്. 49 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് ഈ നോൺസ്റ്റോപ് ഡ്രൈവ് "ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്കും" ചരിത്രത്തിലേക്കും കാറോടിച്ചു കയറിയത്. മലപ്പുറം ആക്കോട് സ്വദേശി നൗഫൽ (35), കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി ബിബിൻ (37), ആലപ്പുഴ സ്വദേശി സമീർ (36)എന്നിവരാണ് ടീം എഫ് 1 ഇന്ത്യ എന്ന ട്രാവൽ ഫ്ലാറ്റ്ഫോമിന്റെ കീഴിൽ ചാലഞ്ച് വിജയകരമായി പൂർത്തിയാക്കിയത്. 17 മണിക്കൂറുകളോളം ദുർഘടമായ ഹിമാലയൻ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബിൽ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്ത് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക വഴി തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിയപ്പോൾ 3870 കി.മീ. പിന്നിട്ടിരുന്നു. ലഡാക്കിൽ എസ്.എൻ.എം ആശുപത്രിയിലെ സി എം ഒ . ഡോ.റീചാൻ ഫ്ലാഗ് ഓഫ്‌ ചെയ്ത യാത്ര കന്യാകുമാരിയിൽ അവസാനിച്ചപ്പോൾ മലയാളി കൂടിയായ ഐ.എസ്.ആർ.ഒ അസി.കമാന്റൻഡ് ശശികുമാറാണ് സ്വീകരിക്കാനെത്തിയത്. കേരളത്തിൽ നിന്ന് ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ സർജിക്കൽ മാസ്ക് വിതരണം ചെയ്തും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാണ് ഇവർ യാത്ര തുടർന്നത്.ആറു മാസത്തോളം നീണ്ടു നിൽക്കുന്ന യാത്രയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് സംഘം ലക്ഷ്യമിടുന്നത്.

Advertisement
Advertisement