സ്കൂൾ തുറക്കുമ്പോൾ ഉണ്ടാവുമോ ഹോസ്റ്റൽ

Sunday 12 September 2021 12:02 AM IST
ഓടക്കയത്തെ പൊളിഞ്ഞു വീഴാറായ ബോയ്സ് ഹോസ്റ്റൽ

ആശങ്കയിൽ ആദിവാസി വിദ്യാർത്ഥികൾ

മലപ്പുറം : ഊർങ്ങാട്ടിരി ഓടക്കയത്ത് ആദിവാസി വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ ഉപയോഗശൂന്യമായിട്ട് 20 വർഷം. നിലവിൽ ഹോസ്റ്റൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടം ഒഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ സ്കൂൾ തുറക്കുമ്പോഴേക്കും ഹോസ്റ്റൽ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

ആൺകുട്ടികൾക്കായി പൊതുമരാമത്ത് വകുപ്പ് 1995ലാണ് ഹോസ്റ്റൽ പണിതത്. ആറുവർഷത്തിന് ശേഷം ഹോസ്റ്റലിന്റെ തറയിലും ഭിത്തിയിലും കേടുപാടുകൾ സംഭവിച്ചതോടെ പ്രവർത്തനം നിലച്ചു. ഏത് നിമിഷവും പൊളിഞ്ഞു വീഴുമെന്ന അവസ്ഥയിലാണിപ്പോൾ. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വിനയായതെന്ന് നാട്ടുകാർ പറയുന്നു. 20 വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന് നടപടികളായിട്ടില്ല.

പ്രവർത്തനം നിലച്ചതോടെ ഹോസ്റ്റൽ താത്കാലികമായി അടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. ട്രൈബൽ ഡിപ്പാർട്ട്‌മെന്റാണ് വാടക നൽകുന്നത്. ഈ വീട് ഒഴിയണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ കെട്ടിടം ഒഴിയേണ്ടി വരും. സ്കൂൾ തുറക്കാനുള്ള ആലോചന സർക്കാർ ഊർജ്ജിതമാക്കിയിരിക്കേ എന്തുചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാ‌ർത്ഥികൾ.

എടവണ്ണ, ഊർങ്ങാട്ടിരി, മമ്പാട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും കോഴിക്കോട് ജില്ലയിൽ നിന്നുമായി ഓടക്കയം ഗവ. യു.പി സ്കൂളിലേക്ക് പഠിക്കാനെത്തിയിരുന്ന 40 ഓളം ആദിവാസി വിദ്യാർത്ഥികളാണ് ഹോസ്റ്റലിനെ ആശ്രയിച്ചിരുന്നത്. ഹോസ്റ്റൽ ഇല്ലാതായാൽ മലയുടെ ഭാഗങ്ങളിലും മറ്റും താമസിക്കുന്ന വിദ്യാർത്ഥികൾ മണിക്കൂറുകളോളം നടന്ന് വേണം സ്കൂളിലെത്താൻ. ഇതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറ

വുണ്ടാവുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

1995ൽ പ്രവർത്തനം ആരംഭിച്ച ബോയ്സ് ഹോസ്റ്റൽ 2001ഓടെ പ്രവർത്തനം അവസാനിപ്പിച്ചു. ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തിയിരുന്നുവെങ്കിലും കെട്ടിടം മാറ്റി പണിയാനുള്ള നടപടികൾ ഉണ്ടായില്ല. സ്കൂൾ തുറന്നാൽ ഹോസ്റ്റൽ ഇല്ലാത്തത് വിദ്യാർത്ഥികളുടെ എണ്ണം കുറയാനിടയാക്കും.

രാധാകൃഷ്ണൻ

(മുൻ വാർഡൻ)

നിലവിലെ ഹോസ്റ്റൽ വാടകക്കെട്ടിടം ഒഴിയേണ്ടതിനാൽ പൊളിഞ്ഞു വീഴാറായ കെട്ടിടം പുതുക്കിപ്പണിയാൻ നടപടികളുണ്ടാവണം.

ജിനേഷ് (ഓടക്കയം വാർഡ് മെമ്പർ)

Advertisement
Advertisement