നിപയിൽ പുകയുന്നു വിവാദം

Sunday 12 September 2021 12:02 AM IST
സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ജമാഅത്തെ ഇസ്സാമിനേതാവിൻ്റെ പോസ്റ്റ്

മുക്കം: നിപ ബാധിച്ച് 12കാരൻ മരിച്ച് ദിവസങ്ങൾക്കകം രോഗ ഭീതിയിൽ നിന്ന് നാടിനെ മുക്തമാക്കാൻ ആരോഗ്യവകുപ്പിനായെങ്കിലും സോഷ്യൽ മീഡിയകളിൽ വിവാദം ഇപ്പോഴും പുകയുന്നു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മുന്നൂരിലെ എട്ടാം ക്ലാസുകാരന്റെ മരണ കാരണം നിപയല്ല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നടപടിയാണെന്നുവരെ കൊഴുപ്പിക്കുന്നുണ്ട് പ്രചാരണം. ഡോക്ടർമാരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഒരുകൂട്ടർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുമുണ്ട്. ചില മത- സാമുദായിക സംഘടനകളാണ് പ്രചാരണത്തിൽ മുന്നിലെന്നാണ് പ്രധാന ആക്ഷേപം. സോഷ്യൽ മീഡിയകളെ ഇതിനായി ഉപയോഗിക്കുന്നതായ ആരോപണവുമുണ്ട്. മാർച്ചും ധർണയും പ്രസംഗങ്ങളും മറ്റും വ്യാജ പ്രചാരണത്തിന് കരുത്ത് കിട്ടാൻ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. നിപയല്ല മരണകാരണമെന്നിരിക്കെ നിപയുടെ പേരിൽ ഏർപെടുത്തിയ യാത്രാവിലക്ക് ഉൾപ്പെടെ നീക്കണമെന്നും പ്രചരണം നടത്തുന്നവരുടെ ആവശ്യത്തിലുണ്ട്. നിയന്ത്രണങ്ങൾ അനാവശ്യമാണെന്ന് സ്ഥാപിച്ച് ലംഘിക്കാൻ ജനത്തിന് പ്രേരണ നൽകുന്ന സന്ദേശങ്ങളും വ്യാപകമാണ്.നിയന്ത്രണങ്ങൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭയിലെ വെൽഫെയർ പാർട്ടി കൗൺസിലർമാർ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് ഇന്നലെ മുക്കത്ത് വാർത്താ സമ്മേളനവും നടത്തി. "നിപ്പയല്ല, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇഞ്ചക് ഷനാണ് മരണകാരണം. വവ്വാലുകളെയും റമ്പൂട്ടാനെയും വെറുതെ വിടുക. കൊലയാളി ഡോക്ടർമാരെയും ആശുപത്രികളെയും കരുതിയിരിക്കുക." എന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു നേതാവിന്റെ പോസ്റ്റ്. "കുട്ടിയുടെ മരണം വെറസ് മൂലമോ അതോ വൈറസിനെക്കാൾ മാരകമായ മരുന്നു മൂലമോ?" എന്ന ചോദ്യമാണ് മറ്റൊരു നേതാവ് ഉന്നയിക്കുന്നത്. അതെസമയം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Advertisement
Advertisement