അജയ് കൃഷ്ണനും തന്നാലായത്

Sunday 12 September 2021 1:37 AM IST

കളമശേരി: പത്തു വയസുകാരൻ അജയ് കൃഷ്ണൻ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ഏലൂർ പാട്ടുപുരയ്ക്കൽ ദേവി ക്ഷേത്രത്തിലെ നിത്യസാന്നിദ്ധ്യം മാത്രമല്ല സഹായി കൂടിയാണ്, പാതാളം സർക്കാർ സ്കൂളിലെ ഈ അഞ്ചാംക്ലാസുകാരൻ. വാദ്യകലയും അഭ്യസിക്കുന്നുണ്ട്. വിനായക ചതുർത്ഥിക്ക് ക്ഷേത്രജീവനക്കാരനും കളമെഴുത്ത് കലാകാരനുമായ സുരേഷ് മാരാർ ഗണപതി ശില്പമൊരുക്കിയപ്പോൾ അജയ് കൃഷ്ണൻ ഓടിയെത്തി, താനെന്തു സഹായമാണ് ചെയ്യേണ്ടതെന്ന മട്ടിൽ കൗതുകത്തോടെ ഗണപതിയെ നോക്കി നില്പായി. മാരാർ ബ്രഷും നിറങ്ങളും കുരുന്നു കരങ്ങളിൽ ഏൽപ്പിച്ചു. കാണട്ടെ നിന്റെ സാമർത്ഥ്യം... അവനത് ഭംഗിയായി പൂർത്തിയാക്കി. വരയുടെ ബാലപാഠങ്ങൾ മാരാർ പറഞ്ഞു കൊടുക്കാറുണ്ട്. ഒന്നര വർഷം മുമ്പ് അച്ഛൻ മണി അപകടത്തിൽ മരിച്ചു. അമ്മ കാർത്തിക പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു കൊച്ചുകടയിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അജയ് കൃഷ്ണനേയും പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ പ്രിയങ്കയേയും പഠിപ്പിക്കുന്നതും പോറ്റുന്നതും. വാടക വീട്ടിലാണ് കഴിയുന്നത് . തമിഴ് കുടുംബമാണ്.

Advertisement
Advertisement