നവീകരിച്ച ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ഓഫീസ് തുറന്നു

Sunday 12 September 2021 12:43 AM IST

തിരുവനന്തപുരം: പതിനഞ്ച് ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് കഴിഞ്ഞ അഞ്ച് വർഷമായി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2008ലാണ് പ്രത്യേകമായി ഒരു ന്യൂനപക്ഷ സെൽ രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കുള്ള ഇബിച്ചിബാവ ഭവനപദ്ധതി തുക നാല് ലക്ഷമാക്കി. കൂടാതെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികൾക്കായി എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പും നൽകുന്നുണ്ട്. ഈ സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് മദർ തെരേസയുടെ പേരിലുള്ള സ്‌കോളർഷിപ്പും നൽകും. വിദ്യാർത്ഥികൾക്ക് യു.ജി.സി, സി.എസ്.ഐ.ആർ, നെറ്റ് കോച്ചിംഗ് നൽകുകയും വിദേശത്ത് പഠിക്കുന്നവർക്ക് 10 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. സി.സി.എം.വൈ പൊന്നാനി കോച്ചിംഗ് സെന്റർ കെട്ടിടത്തിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതിനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.