ബില്ലടച്ചില്ലെങ്കിൽ ഇനി കറണ്ടു പോകും

Sunday 12 September 2021 1:21 AM IST

തിരുവനന്തപുരം:വൈദ്യുതി കുടിശികക്കാരുടെ കണക്‌ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി തീരുമാനം. ഇതിനുള്ള നിർദ്ദേശം ചെയർമാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് നൽകി. കുടിശികക്കാരുടെ വൈദ്യുതി വിച്ഛേദിക്കാൻ ബോർഡ് ഈ വർഷം ആദ്യം ഉത്തരവിറക്കിയെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു തീരുമാനം മരവിപ്പിച്ചു. അതിന്റെ മറവിൽ ഉപയോക്താക്കൾ ബിൽ അടയ്ക്കാതിരുന്നതു ബോർഡിനു വൻ ബാദ്ധ്യതയായതിനാലാണ് ഉത്തരവ്.

ജൂലായ് 31 വരെ ഗാർഹിക ഉപയോക്താക്കളുടെ മാത്രം കുടിശിക 1389.42 കോടി രൂപയാണ്. കുടിശിക അടയ്ക്കാൻ 21 ദിവസത്തെ നോട്ടീസ് നൽകി കണക്‌ഷൻ വിച്ഛേദിക്കാമെന്നാണ് ഉത്തരവ്. കുടിശിക ഗഡുക്കളായി പിരിക്കാൻ നോട്ടീസ് നൽകാൻ ഒരു മാസം മുമ്പ് ബോർഡ് ഉത്തരവിറക്കിയിരുന്നു. എല്ലാ സെക്‌ഷൻ ഓഫീസുകളിലും കുടിശികക്കാർക്കു നോട്ടിസ് നൽകിയിട്ടുണ്ട്. അതിനാൽ പുതിയ ഉത്തരവിലെ 21 ദിവസം ഇവർക്കു ലഭിക്കുമെന്ന് ഉറപ്പില്ല. വലിയതോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർ പോലും ഡിസ്‌കണക്‌ഷൻ ഉത്തരവു മരവിപ്പിച്ചതിന്റെ മറവിൽ ബിൽ അടയ്ക്കുന്നതിൽ വീഴ്ചവരുത്തി. വീട്ടിലെത്തി റീഡിംഗ് എടുക്കുന്നവർ നൽകുന്ന സ്ലിപ്പിൽ ബിൽ തുകയ്ക്കൊപ്പം കണക്‌ഷൻ വിച്ഛേദിക്കുന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ടാകും.

Advertisement
Advertisement