കർമ്മതേജസിന് ജന്മദിനാശംസകൾ

Sunday 12 September 2021 1:40 AM IST

എസ്.എൻ.ഡി.പി യോഗത്തിന് കാലം കരുതിവച്ച നേതാവായ വെള്ളാപ്പള്ളി നടേശൻ, നിശ്ചയദാർഢ്യത്തോടെ 84ന്റെ നിറവിലും ജൈത്രയാത്ര തുടരുകയാണ്. അസാധാരണമായ സംഘടനാ പാടവവും ദീർഘവീക്ഷണമുള്ള നിലപാടുകളും സരസ ഗംഭീരമായ വിമർശന ശൈലിയുമായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വേദികളിലും മാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി.

യോഗം മൈക്രോ ഫിനാൻസിനെ കുറിച്ച് കാര്യങ്ങൾ ഗ്രഹിക്കാത്ത ചിലർ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ പന്ത്രണ്ട് വർഷത്തോളം യോഗം വനിതാ വിഭാഗം സെക്രട്ടറിയായിരുന്ന എനിക്ക് ചിലത് കുറിക്കണമെന്ന് തോന്നുന്നു. യൂണിയനുകളുടെ വനിതാസംഘം വേദികളിൽ ഞാൻ കേട്ടത് എത്രയോ സ്ത്രീകളുടെ ശാക്തീകരണ ഗാഥകളാണ്.

"എന്റെ മകൻ എൻജിനീയറായത് മൈക്രോഫിനാൻസ് ഉള്ളതിനാലാണ്. വട്ടിപ്പലിശക്കാരനിൽ നിന്ന് കുടുംബത്തെ രക്ഷിച്ചത് മൈക്രോഫിനാൻസാണ്" ഈ അനുഭവ സാക്ഷ്യങ്ങൾ ആർജ്ജവമുള്ള നേതൃത്വത്തിന് കീഴിൽ യോഗം ക്രിയാത്മകമായി പ്രവർത്തിച്ചതിന്റെ ഫലമാണ്.

അവകാശ പ്രഖ്യാപന സമ്മേളനങ്ങളും ജില്ലാ സംഗമങ്ങളും സമത്വമുന്നേറ്റ യാത്രയും എല്ലാം യോഗത്തിന്റെ സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു. മാമാങ്കങ്ങൾ നടത്തി ഈഴവന്റെ സമ്പത്തും ഊർജ്ജവും കളയുന്നു എന്ന് വിമർശിക്കുന്നവർ ഒന്നറിയുക, ഈ മാമാങ്കങ്ങൾ കണ്ടാണ് ഈഴവന് സംഘബലം ഉണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത്. ഈ നേതാവ് ഉണ്ടാക്കിയ കാൻവാസിലാണ് യോഗം ഏകാത്മകം എന്ന ഗിന്നസ് ലോക റെക്കാഡ് വരച്ചിട്ടത്. ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടും മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ സന്ദേശങ്ങളും ലോകമാകെ എത്തിച്ച മെഗാ ഇവന്റ് പലരുടെയും കണ്ണഞ്ചിപ്പിച്ചു. കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് യോഗം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടത്തിയത്. കോടികളുടെ സഹായമാണ് കണിച്ചുകുളങ്ങര ക്യാമ്പിലും ഗുരു കാരുണ്യം പദ്ധതിയിലൂടെയും അശരണർക്കായി കൊടുത്തത്. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു അരുൾ അക്ഷരാർത്ഥത്തിൽ നടപ്പാക്കി. ആത്മീയ വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിഗണന നൽകി വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു. കുമാരിമാർക്ക് കുമാരി സംഘം, ഏകാത്മകം, വനിതാ ജില്ലാ സമ്മേളനങ്ങൾ, നേതൃക്യാമ്പുകൾ, ഗുരു സാന്ത്വനം, നിയമ ബോധന ക്ലാസുകൾ തുടങ്ങി ഒട്ടനവധി പരിപാടികൾ വനിതകൾക്ക് കരുത്തുപകർന്നു.

ചരിത്രത്തിൽ കൈയൊപ്പ് ചാർത്തി, ആയിരം പൂർണചന്ദ്രപ്രഭയിൽ ശതാഭിഷിക്തനാകുന്ന വെള്ളാപ്പള്ളി നടേശൻ എന്ന കർമ്മതേജസിന് നേരുന്നൂ, ജന്മദിനാശംസകൾ.

അഡ്വ. സംഗീത വിശ്വനാഥ്

യോഗം വനിതാസംഘം

കേന്ദ്ര സമിതി സെക്രട്ടറി

Advertisement
Advertisement