മറിമായങ്ങളുടെ ആലപ്പുഴ മെഡി.കോളേജ്... മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞ രോഗി ജീവനോടെ കട്ടിലിൽ !

Sunday 12 September 2021 1:42 AM IST

അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി മരിച്ചതായി ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോൾ രോഗി ജീവനോടെ കട്ടിലിൽ!

ഭരണിക്കാവ് രണ്ടാം വാർഡിൽ നടുവിലെ മുറിയിൽ കോയിക്കൽ മീനത്തേതിൽ രമണനും (50)കുടുംബത്തിനുമാണ് ഈ ദുരനുഭവം.

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് ജ്യേഷ്ഠൻ ശ്രീധരനോടൊപ്പമാണ് അവിവാഹിതനും ജന്മനാ സംസാരശേഷി ഇല്ലാത്തതുമായ രമണൻ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കളെ ഫോണിൽ മരണവിവരം അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ പത്തു മണിയോടെ എത്താൻ പറയുകയും ചെയ്തു. നാട്ടുകാർ രമണന് ആദരാഞ്ജലി അർപ്പിച്ച് നാട്ടിൽ പോസ്റ്റർ പതിക്കുകയും ബന്ധുക്കൾ സംസ്കാര ചടങ്ങിനുള്ള ഒരുക്കം നടത്തുകയും ചെയ്തു. ഇന്നലെ ആംബുലൻസുമായി എത്തിയ ബന്ധുക്കൾ, പൊലീസ് എയ്ഡ് പോസ്റ്റിൽ തിരക്കിയപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന കേന്ദ്രത്തിലുള്ളവരും കൈമലർത്തി.

സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർന്ന് അദ്ദേഹം ഐ.സി.യുവിൽ വിളിച്ച് തിരക്കിയപ്പോൾ മരിച്ചിട്ടില്ലെന്നറിഞ്ഞു. ഐ.സി.യുവിൽ കയറി കാണാൻ രണ്ടു ബന്ധുക്കളെ അനുവദിച്ചു. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമായി. ഐ.സി.യുവിലെ ഡോക്ടറാണ് അറിയിച്ചതെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രി സൂപണ്ട് ഡോ.സജീവ് ജോർജിനും ജില്ലാ കളക്ടർക്കും പരാതി നൽകി. അന്വേഷിച്ച് നടപടി എടുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറി നൽകിയ സംഭവത്തിൽ സൂപ്രണ്ടിനെ മാറ്റിയിരുന്നു.

ഈ രമണനല്ല, ആ രമണൻ

കായംകുളം കൃഷ്ണപുരം സ്വദേശി രമണൻ (68) വെള്ളിയാഴ്ച ഐ.സി.യുവിൽ മരിച്ചിരുന്നു. മേൽവിലാസം തെറ്റി ഭരണിക്കാവ് സ്വദേശി രമണന്റെ ബന്ധുക്കളെ വിളിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഈ മൃതദേഹം ചേർത്തല ഏഴാം വാർഡിൽ തറയിൽ വീട്ടിൽ കുമാരന്റെ മൃതദേഹത്തിന് പകരം മാറി നൽകി മറ്റൊരു വിവാദവും ആശുപത്രി അധികൃതർ സൃഷ്ടിച്ചിരുന്നു.