കക്ഷി രാഷ്ട്രീയത്തിന്റെ ബലിപീഠത്തിൽ ബലിയർപ്പിക്കപ്പെടേണ്ട ഒന്നല്ല ബൗദ്ധിക സ്വതന്ത്ര്യം, കണ്ണൂർ സർവകലാശാല സിലബസിനെ അനുകൂലിച്ച് ശശി തരൂർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ചില കൂട്ടുകാർ തന്റെ ചില നിലപാടുകളിൽ വിരോധം കാണിക്കാറുണ്ടെന്നും എന്നാൽ അക്കാദമിക സ്വതന്ത്ര്യം എന്നത് നമുക്ക് ഇഷ്ടമില്ലാത്ത വിഷയത്തെകുറിച്ചു പോലും വായിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും അതിനെ കുറിച്ച് മനസിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ പൂർത്തിയാകുന്നുള്ളുവെന്ന് ശശി തരൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സവർക്കറെയും ഗോൾവാക്കറിനേയും കുറിച്ച് പഠിക്കാതെ എന്ത് അർത്ഥത്തിലാണ് അവരുടെ ചിന്താഗതികളെ എതിർക്കുകയെന്നും കണ്ണൂർ സർവകലാശാലയിൽ ആർ എസ് എസ് നേതാക്കന്മാരെ കുറിച്ചു മാത്രമല്ല നെഹ്റുവിനെ കുറിച്ചും മഹാത്മാ ഗാന്ധിയെ കുറിച്ചും പഠിപ്പിക്കുന്നുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.
കക്ഷി രാഷ്ട്രീയത്തിന്റെ ബലിപീഠത്തിൽ ബലിയർപ്പിക്കപ്പെടേണ്ട ഒന്നല്ല ബൗദ്ധിക സ്വതന്ത്ര്യമെന്നും ഒരാളുടെ വീക്ഷണങ്ങൾക്കു നേരെ കണ്ണടച്ചതു കൊണ്ട് അയാളെ തോൽപിക്കാൻ സാധിക്കുമെന്ന് കരുതുന്നത് വിഢിത്തമാണെന്നും തരൂർ പറഞ്ഞു. സവർക്കറും ഗോൾവാക്കറും പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങൾ തന്റെ പുസ്തകത്തിൽ താൻ ഉദ്ധരിച്ചിട്ടുണ്ടെന്നും എന്നാൽ അവരുടെ ചിന്താഗതികളെ എതിർക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂർ കുറിച്ചു.