നാർക്കോട്ടിക് പരാമർശത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ബിഷപ്പിനെതിരെ,​ പാലാബിഷപ്പിന് സംരക്ഷണം നൽകണമെന്ന് കേന്ദ്രത്തിന് ബിജെപിയുടെ കത്ത്

Sunday 12 September 2021 7:00 PM IST

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയതിനെ തുടർന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്രത്തിന് കത്തയച്ചു.

ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. ബിഷപ്പ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകള്‍ മുന്നോട്ടുപോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ ധൈര്യം നല്‍കിയതെന്നും ഭീഷണിപ്പെടുത്തുന്ന തരം ഭാഷയാണ് പ്രതിഷേധ ജാഥയില്‍ ഉപയോഗിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ബിഷപ്പിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ ലൗ ജിഹാദിന് ഒപ്പം നാര്‍ക്കോട്ടിക് ജിഹാദും നിലനില്‍ക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ബിഷപ്പിന്‍റെ പ്രസ്താവന.

Advertisement
Advertisement