ഡുറൻഡ് കപ്പിൽ ഗോകുലത്തിന് സമനില

Sunday 12 September 2021 10:39 PM IST

കൊൽക്കത്ത: ഡുറൻഡ് കപ്പ് ഫുട്ബാളിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡാണ് ഗോകുലത്തെ സമനിലയിൽ പിടിച്ചത്. ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി.

ഒമ്പതാം മിനിറ്റിൽ ഘാന താരം റഹീം ഓസുമാനുവിലൂടെ ഗോകുലം ലീഡെടുത്തിരുന്നു. എന്നാൽ 30-ാം മിനിറ്റിൽ ജെയ്‌നിലൂടെ ആർമി സമനില പിടിച്ചു. സമനില ഗോൾ നേടി 10 മിനിട്ടിനകം ലീഡും നേടി. ഗോകുലം ഗോളി അജ്മലിന്റെ പിഴവിൽ നിന്നായിരുന്നു ആർമിയുടെ രണ്ടാം ഗോൾ.

രണ്ടാം പകുതിയിൽ എൽവിസിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് വലയിലെത്തിച്ചാണ് 68-ാം മിനിട്ടിൽ ക്യാപ്ടൻ ഷെരീഫ് ഗോകുലത്തിന് സമനില സമ്മാനിച്ചത്.സമനിലയോടെ ഗോകുലം ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാണ്. ഒരു പോയിന്റാണ് ഗോകുലത്തിനുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ആർമി റെഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഹൈദരബാദ് എഫ്.സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവരുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Advertisement
Advertisement