പൊന്നാനി തുറമുഖം; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

Monday 13 September 2021 12:53 AM IST
പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ സമീപിച്ചപ്പോൾ

പൊന്നാനി: കരാറുകാരുടെ അനാസ്ഥയെ തുടർന്ന് അനിശ്ചിതാവസ്ഥയിലായ പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ കാര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് വിട്ടു. വാണിജ്യ തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനമെടുത്ത സാഹചര്യത്തിൽ നിലവിലെ കരാറുകാരായ മലബാർ പോർട്സിനെ തുടരാൻ അനുവദിക്കണമോ എന്ന കാര്യത്തിലാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുക. കടുത്ത അലംഭാവത്തെ തുടർന്ന് പദ്ധതിയെ അനിശ്ചാതവസ്ഥയിലാക്കിയ കരാറുകാരനെ മാറ്റണമെന്ന നിലപാടാണ് തുറമുഖ വകുപ്പിന്. കരാറുകാരനെ മാറ്റിയാൽ നിയമക്കുരുക്ക് പദ്ധതിയെ അനിശ്ചിതാവസ്ഥയിലാക്കുമോയെന്ന ആശങ്ക തുറമുഖ വകുപ്പിനുണ്ട്.

കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ നിലവിലെ കരാർ കമ്പനിയെ മാറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി പൂർത്തീകരിക്കാൻ സന്നദ്ധത അറിയിച്ച് പഴയ കരാർ കമ്പനി വീണ്ടും രംഗത്തെത്തിയത്. പദ്ധതിക്കായി സർക്കാർ നൽകേണ്ടിയിരുന്ന 29 ഏക്കർ ഭൂമിയിൽ 20 ഏക്കർ മാത്രമെ വിട്ടു നൽകിയിട്ടുള്ളുവെന്ന വാദമാണ് കരാർ കമ്പനി ഉന്നയിച്ചത്. കമ്പനിയിപ്പോൾ സാമ്പത്തിക സുസ്ഥിരത നേടിയിട്ടുണ്ടെന്നും ഫണ്ടിന്റെ പ്രശ്നം പരിഹരിച്ചെന്നും സർക്കാറിനെ അറിയിച്ചു. നിലവിൽ 40 കോടിയോളം രൂപ പദ്ധതിക്കായി ചിലവഴിച്ചിട്ടുണ്ടെന്നും പുതിയ സാഹചര്യത്തിൽ ഒരവസരം കൂടി നൽകണമെന്ന ആവശ്യമാണ് കരാറുകാർ ഉന്നയിച്ചത്.

ധൃതിപ്പെട്ട് കരാർ കമ്പനിയെ മാറ്റിയാൽ ഇവർ കോടതിയെ സമീപിച്ചേക്കുമെന്ന ആശങ്കയുണ്ട്. അതിനാൽ സാവകാശം കമ്പനിയെ മാറ്റുന്ന തീരുമാനമെടുത്താൽ മതിയെന്ന നിയമോപദേശമാണ് സർക്കാറിന് ലഭിച്ചിരിക്കുന്നത്. യു കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ കമ്പനിയുടെ സഹായം തങ്ങൾക്കുണ്ടെന്ന അവകാശവാദമാണ് കരാർ കമ്പനി സർക്കാറിനു മുന്നിൽവച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ വിശ്വാസ്യത കണ്ടെത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കരാർ കമ്പനിയുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുമെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പരിഹാര നടപടികൾ ത്വരിതഗതിയിലാണെന്ന് പറഞ്ഞു. ഇന്നലെ പൊന്നാനിയിലെത്തിയ മന്ത്രി പദ്ധതി പ്രദേശം സന്ദർശിച്ചു. പി നന്ദകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ.ശംസു എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement