പൊന്നാനിയിൽ പോർട് മ്യൂസിയം വരും

Monday 13 September 2021 12:54 AM IST

പൊന്നാനി കോടതി കെട്ടിടം

പൊന്നാനി: പ്രാചീന പൊന്നാനിയുടെ തുറമുഖ ചരിത്രം പറയുന്ന പോർട് മ്യൂസിയത്തിന് പദ്ധതി തയ്യാറാകുന്നു. ഡച്ചുകാരുടെ കാലം മുതൽ വാണിജ്യ വ്യാപാര മേഖലയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന പൊന്നാനി തുറമുഖത്തിന്റെ ഇന്നലെകളെ പരിചയപ്പെടുത്തുന്ന വിപുലമായ പദ്ധതിക്കാണ് രൂപം നൽകുന്നത്. തുറമുഖ വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും സഹകരണത്തോടെയാണ് മ്യൂസിയം ഒരുക്കുക. പദ്ധതി സംബന്ധിച്ച് പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലുമായി പി നന്ദകുമാർ എം.എൽ.എ പ്രാഥമിക ചർച്ച നടത്തി.

പ്രാചീന തുറമുഖ നഗരമെന്ന് ഖ്യാതിയുള്ള പൊന്നാനിയുടെ പ്രൗഢമായ പൂർവ്വകാലത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് മ്യൂസിയം വിഭാവനം ചെയ്യുന്നത്. മലബാറിന്റെ ഗേറ്റ് ഓഫ് വേ എന്ന നിലയിലാണ് പൊന്നാനിയെ പരിഗണിച്ചിരുന്നത്. ഡച്ച് അധിനിവേശത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കാലത്തും പൊന്നാനി തുറമുഖം സജീവമായി ഉപയോഗിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു. അന്താരാഷ്ട്ര വ്യാപാര രംഗത്ത് നിറസാന്നിധ്യമായിരുന്ന പൊന്നാനി തുറമുഖത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. ഇവയെ പുതുതലമുറക്ക് പഠനവിധേയമാക്കാൻ വേദിയൊരുക്കുകയെന്നതാണ് പോർട് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നത്.

കടൽ മാർഗ്ഗമുള്ള വ്യാപാര രംഗത്ത് സമ്പന്നമായ അദ്ധ്യായമാണ് പൊന്നാനിയിലെ പത്തേമാരി കാലം. നൂറ് കണക്കിന് പത്തേമാരികൾ നങ്കൂരമിട്ടിരുന്ന കാലം പൊന്നാനി കടലോരത്തിനുണ്ടായിരുന്നു. ഒരുകാലത്ത് പൊന്നാനിയുടെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിരുന്ന പത്തേമാരി ജീവിതങ്ങളെ പുതിയ തലമുറക്കായി പുനരാവിഷ്‌ക്കരിക്കുകയെന്നതും മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. കടൽ വഴിയുള്ള വ്യാപാരത്തിന്റെ പരിഛേദം ആവിഷ്‌ക്കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

മത്സ്യ ബന്ധന രംഗത്തുണ്ടായ മാറ്റങ്ങളെ പരിചയപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. പഴയകാല മത്സ്യ ബന്ധന ഉപകരണങ്ങൾ ശേഖരിക്കും. ഓരോ കാലത്തെ മാറ്റങ്ങളും അവതരിപ്പിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പഴയ ശേഖരങ്ങൾ കണ്ടെത്തും. പൊന്നാനിയുടെ തുറമുഖ ചരിത്രത്തെ സംബന്ധിച്ച സമഗ്ര ഇടമായി മ്യൂസിയത്തെ മാറ്റുകയെന്നതാണ് ഉദ്ദേശിക്കുന്നത്. പൊന്നാനിയുടെ സമഗ്ര ചരിത്രവും പൈതൃകവും മ്യൂസിയത്തിന്റെ ഭാഗമായുണ്ടാകും.

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കോടതി കെട്ടിടമാണ് പോർട് മ്യൂസിയത്തിനായി കണ്ടുവെച്ചിട്ടുള്ളത്. നിലവിൽ കോടതിയും, സബ് ട്രഷറിയും, രജിസ്ട്രാർ ഓഫീസുമാണ് പ്രധാനമായും കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സബ് ട്രഷറി ഇവിടെ നിന്ന് മാറാൻ തീരുമാനമായിട്ടുണ്ട്. കോടതിക്ക് തൃക്കാവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനിലെ താൽക്കാലിക കെട്ടിടത്തിലേക്ക് കോടതിയുടെ പ്രവർത്തനം മാറ്റാൻ തീരുമാനമായിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി ആയിട്ടുണ്ട്. ഇതോടെ കോടതി കെട്ടിടം കാലിയാകും. പ്രാചീന മാതൃകയിലുള്ള കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപണികൾ നടത്തി പഴയ രീതിയിൽ കെട്ടിടം നിലനിറുത്തുകയും പോർട് മ്യൂസിയം ഇവിടെ സജീകരിക്കുകയും ചെയ്യുക എന്നതാണ് ആലോചിക്കുന്നത്.

Advertisement
Advertisement