എം.പി റോഡിലെ തീപിടിത്തം: അന്വേഷണ റിപ്പോർട്ട് ഇന്ന്

Monday 13 September 2021 12:02 AM IST

 ഫയർ ഓഡിറ്റിന് ഇന്ന് തുടക്കം

കോഴിക്കോട്: മിഠായിത്തെരുവിനടുത്ത് മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിൽഡിംഗിലുണ്ടായ തീപിടിത്തം സംബന്ധിച്ച അന്വഷണ റിപ്പോർട്ട് ഫയർ ഫോഴ്സ് ഇന്ന് സമർപ്പിക്കും. മിഠായിത്തെരുവിലും പരിസരത്തുമായുള്ള ഫയർ ഓഡിറ്റ് ഇന്നും നാളെയും നടക്കും. വ്യാപാരികൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുമെന്ന് ഫയർ ഓഡ്റ്റിംഗ് നടത്തുമെന്നും റീജിനൽ ഫയർ ഓഫീസർ ടി. രജീഷ് പറഞ്ഞു.

തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി വിദഗ്ദ്ധ സംഘവും ഫയർ ഫോഴ്സ് ടീമും കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഈ കെട്ടിടത്തിലെ കടയുടമകളിൽ നിന്നെന്ന പോലെ സമീപത്തെ വ്യാപാരികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തീപിടിത്തിനു കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വെെദ്യുതി മീറ്ററുകളുടെ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നാലു വർഷം മുമ്പും ഇതേ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നു.

നഗരത്തിൽ ഈ ഭാഗത്ത് ഇടയ്ക്കിടെ തീപിടിത്തമുണ്ടാവുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എം.പി റോഡിലും മിഠായിത്തെരുവിലും നിയമലംഘനമുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് മേയർ ബീന ഫിലിപ്പും വ്യക്തമാക്കി.

Advertisement
Advertisement