ശതാഭിഷേക മധുരം നുണഞ്ഞ് വെള്ളാപ്പള്ളി

Monday 13 September 2021 1:01 PM IST

ആലപ്പുഴ : ആശംസകൾ നേർന്നവർക്ക് നടുവിൽ പിറന്നാൾ കേക്കിന്റെ മധുരം നുണഞ്ഞ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശതാഭിഷേക സുകൃതം. വെള്ളാപ്പള്ളിയുടെ 84 -ാം ജന്മദിനം കൊവിഡ് മാനദണ്ഡപ്രകാരം ലളിതമായ ചടങ്ങുകളോടെ ഇന്നലെ ആഘോഷിച്ചു. രാവിലെ 11 ന് വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേർന്ന് കേക്ക് മുറിച്ചു. മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി, ഭാര്യ ആശ, മകൻ ദേവ് തുഷാർ എന്നിവർ സന്നിഹിതരായിരുന്നു. യോഗം നേതാക്കളും അടുപ്പമുള്ളവരും ആശംസയർപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പൂജാദികർമ്മങ്ങളും സമാപിച്ചു.

ശതാഭിഷേകത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമായി. ശ്രീനാരായണ ധർമ്മം കൂടുതൽ ജനഹൃദയങ്ങളിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. പുതുതലമുറയിലേക്ക് ഗുരുധർമ്മമെത്തിക്കാൻ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തും. സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പഠനത്തിന് പരിശീലനം നൽകും. നിർദ്ധന കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കും. വിദ്യാഭ്യാസ,ആരോഗ്യ മേഖലയിൽ പുതിയ സ്ഥാപനങ്ങളുയരും. ശാഖായോഗം ഭാരവാഹികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ, സ്വയം തൊഴിൽ സംരംഭങ്ങൾ, സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം, മത്സരപരീക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികളുമുണ്ട്.

കൊവിഡ് അതിജീവന പരിപാടിയായ ഗുരുകാരുണ്യം പദ്ധതിയുടെ വിലയിരുത്തലിനുള്ള അവസരമായാണ് ഈ ചടങ്ങ് വെള്ളാപ്പള്ളി വിനിയോഗിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വൻ നാരായൺ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ ഫോണിൽ ആശംസ അറിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ വീട്ടിലെത്തി ആശംസകൾ നേർന്നു.ചടങ്ങുകൾക്ക് യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.എൽ.അശോകൻ, അഡ്വ. എ.എൻ. രാജൻബാബു, കെ.പത്മകുമാർ. അഡ്വ സിനിൽ മുണ്ടപ്പള്ളി, എം.ബി.ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement