തളർച്ചയുടെ പാതയിൽ ശ്രീലങ്ക,​ പാകിസ്ഥാൻ

Monday 13 September 2021 3:54 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് തിരുത്തിക്കുതിക്കുമ്പോഴും അയൽക്കാരായ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും അവസ്ഥ മോശമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ശ്രീലങ്കയുടെ വിദേശ നാണയ ശേഖരം 'പൂജ്യം" ആയിമാറാൻ വലിയ കാലതാമസമില്ലെന്ന് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ജൂലായിൽ 280 കോടി ഡോളർ മാത്രമായിരുന്നു രാജ്യത്തിന്റെ കരുതൽ വിദേശ നാണയ ശേഖരം. ടൂറിസം, തേയില കയറ്റുമതി എന്നിവയെയാണ് ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത്. കൊവിഡിൽ ഇരുമേഖലകളും തളർന്നതോടെ വിദേശനാണയ വരുമാനം ലഭിക്കാത്ത സ്ഥിതിയായി; ആഭ്യന്തര സമ്പദ്‌സ്ഥിതിയും വഷളായി. ഇതോടെ, സാമ്പത്താകാവശ്യങ്ങൾക്ക് കരുതൽ ധനശേഖരം വൻതോതിൽ ഉപയോഗിക്കേണ്ടി വന്നതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.

ഐ.എം.എഫ്., എ.ഡി.ബി., ലോകബാങ്ക് എന്നിവകളിൽ നിന്നുള്ള സാമ്പത്തിക രക്ഷാപാക്കേജിനായി ശ്രീലങ്ക ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. വിദേശകടം കൊണ്ട് പൊറുതിമുട്ടുന്ന പാകിസ്ഥാന്റെ കരുതൽ വിദേശ നാണയ ശേഖരം കഴിഞ്ഞമാസം 12 കോടി ഡോളർ താഴ്‌ന്ന് 200 കോടി ഡോളറിലെത്തി.

Advertisement
Advertisement