ഷിപ്പിംഗ് നിരക്ക് തത്കാലം കൂട്ടില്ലെന്ന് സി.എം.എ

Monday 13 September 2021 3:01 AM IST

മുംബയ്: കടൽമാർഗമുള്ള ചരക്കുനീക്കത്തിന് ഈടാക്കുന്ന ഫീസിൽ അടുത്ത അഞ്ചുമാസം വർദ്ധന വരുത്തില്ലെന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഷിപ്പിംഗ് കമ്പനിയായ സി.എം.എ സി.ജി.എം വ്യക്തമാക്കി. വിപണിയിലെ ട്രെൻഡ് അനുസരിച്ച് വരുംമാസങ്ങളിലും നിരക്ക് കൂടാനാണ് സാദ്ധ്യതയെങ്കിലും സി.എം.എ സി.ജി.എം വർദ്ധന ഒഴിവാക്കും.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ആഗോള വ്യാപാരം കരകയറുന്നതിനിടെയുള്ള ഷിപ്പിംഗ് ഫീസ് വർദ്ധന വലിയ തിരിച്ചടിയാണെന്ന് കയറ്റുമതി/ഇറക്കുമതി മേഖലയിലുള്ളവരും വിവിധ രാജ്യങ്ങളിലെ വാണിജ്യ റെഗുലേറ്റർമാരും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് കമ്പനിയുടെ തീരുമാനം. മറ്റു കമ്പനികളും സി.എം.എയുടെ പാതയിലൂടെ നിരക്ക് കൂട്ടാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്‌താൽ കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കാർക്കും അത് വലിയ ആശ്വാസമാകും.

നിലവിൽ കൊവിഡിന് മുമ്പത്തേക്കാൾ 500 ശതമാനത്തിലധികമാണ് ഷിപ്പിംഗ് നിരക്ക്. ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഷിപ്പിംഗ് നിരക്ക് 40-അടി കണ്ടെയ്‌നറിന് കൊവിഡ് കാലത്ത് എട്ടുമടങ്ങോളം ഉയർന്ന് 14,287 ഡോളറിൽ എത്തിയിരുന്നു. 2008ന് ശേഷമുള്ള ഏറ്റവും മികച്ച വരുമാനമാണ് ഇപ്പോൾ ഷിപ്പിംഗ് കമ്പനികൾ നേടുന്നതും. ആഗോള വ്യാപാരത്തിന്റെ 80 ശതമാനവും കടൽമാർഗമാണെന്നിരിക്കേ, ഫീസ് വർദ്ധന സമ്പദ്‌വ്യവസ്ഥയുടെ സർവമേഖലയിലും ആഘാതമുണ്ടാക്കുന്നുണ്ട്.

Advertisement
Advertisement