സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം

Tuesday 14 September 2021 12:21 AM IST

കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്ത്, കുടുംബശ്രീ, ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി, ആശ്രയം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ജ്യോതിർഗമയ 'സമുന്നതി' പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ പി. കാവേരികുട്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ അദ്ധ്യക്ഷനായി. വനിതകൾക്കും വീട്ടമ്മമാർക്കും ഉന്നത വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ നേതൃപദവിയിലേക്ക് ഉയർത്തികൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് എം. വിവേഷ്, കൊല്ലങ്കോട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബാൽക്കീസ്, ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, രാധാപഴണിമല, ഗുരുവായൂരപ്പൻ, ടി.എൻ. രമേശ്, സുനിത, ബിന്ദു എന്നിവർ സംസാരിച്ചു.

അതിഥികൾക്കുള്ള ഉപഹാരം ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി അംഗം കെ. അനിൽകുമാർ നൽകി. ചടങ്ങിൽ പ്രശസ്ത കരിയർ മോട്ടിവേഷൻ ട്രെയിനറും ഗിന്നസ് ജേതാവുമായ ഡോ. കെ. തോമസ് ജോർജ് പഠിതാക്കൾക്ക് പരിശീലനം നൽകി. പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത പഞ്ചായത്ത് പരിധിയിലെ 50 പേർക്കാണ് ആദ്യഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാലയുടെ ബിരുദപഠനത്തിന് അവസരം ഒരുക്കുന്നത്.

ബിരുദ പഠന കാലയളവിൽ വിവിധ വിഷയങ്ങളിൽ നൈപുണ്യ പരിശീലനം, മത്സര പരീക്ഷാ പരിശീലനം, സംരംഭകത്വ വികസനം, തൊഴിൽ പരിശീലനവും നൽകും. വനിതകളുടെ സ്വയംപര്യാപ്തതയും, സമ്പൂർണ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisement
Advertisement