സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

Tuesday 14 September 2021 12:00 AM IST

കോവളം: ആഴിമലയിൽ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മരിച്ചു. തിരുവല്ലം വലിയ കുന്നിൻപുറത്ത് വീട്ടിൽ മണിയൻ ചെട്ടിയാരുടെയും തങ്കമണിയുടെയും മകൻ ജയകുട്ടൻ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നെയ്യാറ്റിൻകരയിലെ സുഹൃത്തിന്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തശേഷം ആഴിമല കടപ്പുറത്ത് എത്തിയ ജയകുട്ടനും സുഹൃത്തുക്കളും പാറപ്പുറത്ത് കയറുകയും മൊബൈലിൽ സെൽഫി എടുക്കുകയുമായിരുന്നു. ഇതിനിടയിൽ ശക്തമായി തിരയടിച്ചതോടെ ജയകുട്ടൻ കടലിൽ വീണ് ഒഴുകി. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ബീച്ചിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഓടിയെത്തി രക്ഷപ്പെടുത്തി 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടുകൊടുക്കും. അഖിൽ, മനു എന്നിവർ സഹോദരങ്ങളാണ്.