കിറ്റെക്സി​ന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗത്തിൽ അന്വേഷണം വേണമെന്ന് എം.എൽ.എമാർ

Tuesday 14 September 2021 2:17 AM IST

തൃക്കാക്കര: കിറ്റെക്സ് കമ്പനിയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് (സി​.എസ്.ആർ) വി​നി​യോഗത്തെക്കുറി​ച്ച് അന്വേഷണം വേണമെന്ന് എം.എൽ.എമാർ. കടമ്പ്രയാർ മലി​നീകരണം ഉൾപ്പെടെ ചർച്ച ചെയ്യാൻ ജി​ല്ലാ കളക്ടർ വിളിച്ച യോഗത്തിന് ശേഷം എം.എൽ.എമാരായ പി.ടി തോമസ്, എൽദോസ് കുന്നപ്പിള്ളി​, പി.വി ശ്രീനിജിൻ എന്നി​വരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് എട്ടോളം ക്രമക്കേടുകൾ നടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സി.എസ്.ആർ. ഫണ്ട് ട്വന്റി-20യുടെ രാഷ്ട്രീയ പ്രവർത്തനത്തിനായി വിനിയോഗിച്ചെന്നും എം.എൽ.എമാർ പറഞ്ഞു.

തൊഴിൽ, ആരോഗ്യം, വ്യവസായം, പഞ്ചായത്ത് തുടങ്ങി​യ വകുപ്പുകളി​ലെയും മലി​നീകരണ നി​യന്ത്രണബോർഡി​ലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കടമ്പ്രയാർ: എം.എൽ.എമാർക്ക് എന്താണ് മൗനമെന്ന് കി​റ്റെക്സ്

കിഴക്കമ്പലം: കടമ്പ്രയാർ മലി​നീകരണം ചർച്ച ചെയ്യാൻ കളക്ടർ വിളിച്ച യോഗത്തിന് ശേഷം കി​റ്റെക്സി​നെതി​രെ ഇക്കാര്യത്തി​ൽ പി.ടി തോമസും എൽദോസ് കുന്നപ്പള്ളിയും പി.വി ശ്രീനിജിനും മൗനം പാലി​ക്കുന്നതെന്താണെന്ന് കി​റ്റെക്സ് എം.ഡി​. സാബു ജേക്കബ്.

കിറ്റെക്‌സ് കടമ്പ്രയാർ മലിനപ്പെടുത്തുന്നുവെന്ന പി.ടി തോമസിന്റെ പരാതിയിലാണ് വിവിധ വകുപ്പുകൾ അന്വേഷണം നടത്തിയത്. കിറ്റെക്‌സിന് സമീപമുള്ള തോടുകളിൽ മാലിന്യത്തിന്റെ യാതൊരംശവും കണ്ടെത്താനായില്ല. ഇക്കാര്യം വ്യക്തമായതിനാലാണ് എം.എൽ.എമാർ മൗനം പാലിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

സി.എസ്.ആർ ഫണ്ട് ട്വന്റി 20 ഉപയോഗിക്കുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ഇക്കാര്യം പരിശോധിക്കാൻ ഇൻകം ടാക്‌സ് വകുപ്പി​നും കേന്ദ്രസർക്കാരിനും സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.