നൂറുദിനത്തിൽ 16828 തൊഴിലവസരം സൃഷ്ടിച്ചു: മന്ത്രി വി.എൻ.വാസവൻ

Tuesday 14 September 2021 2:53 AM IST

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ സഹകരണമേഖലയിൽ 16,828 പേർക്ക് തൊഴിൽ നൽകി. കൊവിഡ് സൃഷ്ടിച്ച തൊഴിൽരംഗത്തെ പ്രതിസന്ധി മറികടക്കാൻ പതിനായിരം പേർക്ക് തൊഴിൽ നൽകാനാണ് നൂറുദിന പദ്ധതിയിൽ ഇതു നടപ്പാക്കിയതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങളിൽ 151പേർക്കും കേരള ബാങ്കിൽ 13പേർക്കും സ്ഥിരം നിയമനം നൽകി. സഹകരണ വകുപ്പിൽ 27നിയമനങ്ങളും നടത്തി. കേരള ബാങ്കിൽ മാത്രം 10,093 സംരംഭക തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തിൽ 6540 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്- 1074. ആലപ്പുഴ- 1038,തൃശ്ശൂർ- 597, എറണാകുളം- 563, കണ്ണൂർ -533, ആലപ്പുഴ -503, പാലക്കാട് -414, കാസർകോട്- 413, മലപ്പുറം -381, കോഴിക്കോട് -273, കൊല്ലം -268, പത്തനംതിട്ട -169, ഇടുക്കി -158, വയനാട് -156 എന്നിങ്ങനയാണ് മറ്റു ജില്ലകളിലെ സ്ഥിതി.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ 10 വനിതാ സഹകരണസംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയതിനു പിന്നാലെ 27 യുവജന സഹകരണ സംഘങ്ങളും ആരംഭിച്ചിരുന്നു. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളിൽ നാലും പൂർത്തിയാക്കി. തൃശൂർ പഴയന്നൂരിലെ കെയർ ഹോം പദ്ധതി പൂർത്തിയായിവരുന്നു.