ലൂബ് ഷോപ്പ് ഇനി​ ആലുവയി​ലേക്കും

Tuesday 14 September 2021 12:53 AM IST

കൊച്ചി: വരുമാന വർദ്ധനവിനായി ഓയിലും ഗ്രീസും ഉൾപ്പെടെയുള്ള ലൂബ്രിക്കന്റുകളുടെ വിൽപ്പനയുമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ലൂബ് ഷോപ്പ് പ്രതീക്ഷിച്ച വരുമാനത്തിലേക്ക് അടുക്കുന്നു. ആലുവയിൽ അടുത്ത ലൂബ് ഷോപ്പ് തുടങ്ങാനും പദ്ധതിയുണ്ട്.

800 ലിറ്റർ ഓയിലായി​രുന്നു മാസ വിൽപ്പന ലക്ഷ്യം. ജൂലായ് 23 മുതൽ ആഗസ്റ്റ് 25 വരെയുള്ള ആദ്യമാസത്തിൽ 500ലിറ്റർ വി​റ്റു. 2,35,000രൂപയാണ് ഓയിൽ വിൽപനയിലൂടെ മാത്രം ലക്ഷ്യമിട്ടത്. 1,50,000രൂപ ലഭി​ച്ചു.

കൊവിഡു മൂലം നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതാണ് വരുമാനം ഈ തുകയിൽ ഒതുങ്ങിയതെന്ന് അധികൃതർ പറയുന്നു. നഗരം സാധാരണ നിലയിലെ തിരക്കിലേക്കെത്തുന്നതോടെ പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ഉണ്ടാക്കാനാകും. ആറുമാസത്തി​നി​ടെ ഷോപ്പ് ലാഭത്തി​ലെത്തി​ക്കാനാണ് പദ്ധതി.

രൂപമാറ്റം വരുത്തിയ ബസിൽ പ്രവർത്തിക്കുന്ന ലൂബ്‌ഷോപ്പിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണ് ലൂബ്രിക്കന്റുകൾ വിൽക്കുന്നത്.

മാസവിൽപനയിൽ ലക്ഷ്യമിട്ടത് :

800 ലിറ്റർ ഓയിൽ (2,35,000രൂപ)

 കിട്ടിയത്: 500 ലി.ഓയിൽ (1,50,000രൂപ)

 പുതിയ പദ്ധതികൾ
കെ.എസ്.ആർ.ടി.സിയിലെ ഏത് ഡിപ്പോയിലുമുള്ള ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ഓയിൽ ലഭ്യമാക്കും.

എറണാകുളത്തു നിന്ന് ബസിൽ ഒായിലും ഗ്രീസും ആവശ്യക്കാർക്ക് എത്തിച്ച് നൽകും.
ബോട്ട്ജെട്ടിയിലെ സ്റ്റാൻഡിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാണ് വിൽപ്പനയുടെ ചുമതല.


 സൗജന്യ ഓയിൽ ചേഞ്ച്
ആദ്യ ഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറുന്നതിനുള്ള സൗകര്യം ലൂബ് ഷോപ്പിലുണ്ട്. ഉജ്വൽ 15 എന്ന പേരിൽ 15% ഡിസ്‌കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയുമുണ്ട്.


 പ്രതീക്ഷിച്ചതിലും വേഗത്തിൽ പദ്ധതി ലാഭത്തിലെത്തുമെന്നാണ് ആദ്യമാസത്തെ വരുമാനം സൂചിപ്പിക്കുന്നത്.

കെ.എസ്.ആർ.ടി.സി വർക്‌സ് മാനേജ്‌മെന്റ് വിഭാഗം.

Advertisement
Advertisement