സിന്ധുവിനെ നമസ്കരിച്ച് തെരുവുനായ്ക്കൾ, അന്നം നൽകി പാട്ടിലാക്കാൻ നഗരസഭ

Tuesday 14 September 2021 12:35 AM IST

പാനൂർ: തെരുവു നായ്ക്കളെ അന്നം കൊടുത്ത് നന്ദിയുള്ളവരാക്കുകയാണ് പാനൂർ നഗരസഭ. ടൗണിൽ ഭാഗ്യക്കുറി കട നടത്തുന്ന സിന്ധുവിന് ഒരു പെൺപട്ടിയോട് തോന്നിയ കനിവാണ് തെരുവുനായ്ക്കളെയാകെ ഊട്ടുന്ന നഗരസഭാപദ്ധതിക്ക് വഴിതെളിച്ചത്.

തെരുവുനായ്ക്കളെ പതിവായി ഊട്ടുന്ന പന്ന്യന്നൂർ അരയാക്കോൽ സ്വദേശി സിന്ധുവിന്റെ സ്കൂട്ടി കടന്നുപോകുമ്പോൾ തെരുവുനായ്ക്കൾ മുൻകാലുകൾ മുന്നോട്ടുനീട്ടി തല താഴ്ത്തി നമസ്കരിക്കും. നായ്ശല്യത്തെക്കുറിച്ച് പരാതി പറയുന്നവർ ഈ കാഴ്ച കാണേണ്ടതാണ്. ആവശ്യത്തിന് അന്നം കിട്ടാത്തതാണ് തെരുവുനായ്ക്കളെ അക്രമാസക്തമാക്കുന്നതെന്നും ഇതിലൂടെ നഗരസഭ അധികൃതർ വിലയിരുത്തി. മൂന്നു വാർഡുകളിൽ തെരുവുനായ്ക്കൾക്ക് അന്നദാനം തുടങ്ങിക്കഴിഞ്ഞു. ഓരോ ദിവസം ഓരോ വീട്ടിൽ നിന്നാകും ഭക്ഷണം. നമ്മുടെ നാട്, നമ്മുടെ നായ- എന്നാണ് പദ്ധതിയുടെ പേര്. ഇത് നടപ്പിലാക്കുന്നതിനായി വർഡുതല സമിതി രൂപീകരിച്ചിട്ടുണ്ട്.

പാനൂർ ടൗണിൽ സിന്ധു കട തുടങ്ങിയ ദിവസമാണ് ഒരു പെൺപട്ടി മുന്നിൽ വന്നത്. തലേദിവസം നടത്തിയ ഗണപതി ഹോമത്തിന്റെ ബാക്കി വന്ന പ്രസാദം നൽകി. പിറ്റേന്നും വന്നു. പതിവായപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിൽ ഒരു പങ്ക് നൽകിത്തുടങ്ങി. അതോടെ മറ്റു നായ്ക്കളെയും കൂട്ടിയായി വരവ്. അതോടെ അവയ്ക്കുവേണ്ടി വീട്ടിൽ ഭക്ഷണം പാകംചെയ്യാൻ തുടങ്ങി.

 ശല്യക്കാരല്ല, കാവലാൾ

ആയിരത്തോളം രൂപ ചെലവിട്ട് മത്സ്യവും ഇറച്ചിയും വാങ്ങി പാചകം ചെയ്ത് ചോറ് വലിയ പാത്രത്തിലാക്കി ഒരു ബക്കറ്റ് വെള്ളവുമായാണ് സിന്ധു കടയിലെത്തുന്നത്. രാത്രി 7 മണിയോടെ ബി.എസ്.എൻ.എൽ ഓഫീസ് പരിസരം, കെ.എസ്.ഇ.ബി, എം.ആർ.എ ബേക്കറി പരിസരം എന്നിവിടങ്ങളിൽ ഭക്ഷണം കൊണ്ടുകൊടുക്കും. രാത്രി സഞ്ചരിക്കുന്ന സിന്ധുവിന് അവർ കാവലാൾ കൂടിയാണ്. ഒരിക്കൽ സിന്ധു നായ്ക്കൾക്ക് രാത്രി ഭക്ഷണം കൊടുക്കവേ, അപരിചിതൻ അടുത്തേക്ക് വന്നു. ഭയന്നെങ്കിലും, പിന്നെ കണ്ടത് നായ്ക്കൾ അയാൾക്കുനേരെ കുരച്ചു ചാടുന്നതാണ്. അയാൾ ജീവനും കൊണ്ടോടി.

നായ്ക്കൾക്ക് ഭക്ഷണത്തിനു പുറമേ, വിരമരുന്നും വാക്സിനേഷനും നല്കി വന്ധീകരിച്ച് കാവലാളാക്കുക എന്ന ആശയമാണ് പരീക്ഷിക്കുന്നത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് ഘടകവും പാനൂർ നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

അനിൽകുമാർ

വെറ്ററിനറി ഡോക്ടർ

പാനൂർ

ജനങ്ങൾക്ക് സുരക്ഷ നല്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വാർഡുകളിൽ തുടങ്ങിക്കഴിഞ്ഞു.

-വി .നാസർ

നഗരസഭ ചെയർമാൻ,

പാനൂർ