വൈദ്യർ അക്കാദമിയിലെ ചരിത്രമ്യൂസിയം വിപുലീകരിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Tuesday 14 September 2021 12:21 AM IST

കൊണ്ടോട്ടി: മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം നവീകരിക്കേണ്ടത് സംബന്ധിച്ച് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി നിവേദനം നൽകി. രണ്ടുഘട്ടങ്ങളിലായി വികസിപ്പിച്ച വൈദ്യർ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയത്തിൽ മാപ്പിളമാരുടെ പഴയകാല ജീവിതവും പൈതൃകവും കലാരൂപങ്ങളും വേഷവിധാനങ്ങളും പ്രദർശിപ്പിക്കുന്ന തരത്തിൽ മ്യൂസിയം വിപുലീകരിക്കാനുള്ള പദ്ധതിയാണ് സമർപ്പിച്ചത്. അക്കാദമി ജോയിന്റ് സെക്രട്ടറി ഫൈസൽ എളേറ്റിൽ, അംഗങ്ങളായ പി.അബ്ദുറഹിമാൻ, കെ.എ ജബാർ, ജില്ലാ പ്രസിഡന്റ് ടി.എ. സമദ്, ബാവ കുമ്മിണിപ്പറമ്പ്, വേലായുധൻ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement