ജോൺ ഹോനായ് : മലയാളത്തിലെ ക്ളാസിക് വില്ലൻ

Tuesday 14 September 2021 1:02 AM IST

കൊച്ചി: അസാധാരണത്വം കൊണ്ട് വില്ലൻ വേഷസങ്കല്പം മാറ്റിമറിച്ച കഥാപാത്രമായിരുന്നു ഇൻ ഹരിഹർ നഗറിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായ്. വ്യത്യസ്തനായ വില്ലനെ ഗംഭീരമായി അവതരിപ്പിച്ചത് റിസബാവയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവുമായി.

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ് റിസബാവ. സ്കൂളിന്റെ സുവർണ ജൂബിലിക്ക് സി.എൽ. ജോസ് എഴുതിയ സൂര്യാഘാതം എന്ന നാടകത്തിൽ ജൂലി എന്ന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് റിസബാവ കൈയടി നേടി. അതിന്റെ ബലത്തിൽ നാടകസമിതികളിൽ ചേർന്നു.

ഒരു നാടകസമിതിയിൽ റി​സബാവയ്ക്കൊപ്പം സായ്‌കുമാറും അഭിനയിച്ചിരുന്നു. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടി​ലെ റാംജിറാവ് സ്പീക്കിംഗ് സിനിമയിൽ സായ്‌കുമാർ നായകരിൽ ഒരാളായി. ഇൻ ഹരിഹർ നഗർ ഒരുക്കിയപ്പോൾ ജോൺ ഹോനായ് എന്ന വില്ലന് പറ്റിയ നടനെ തേടി. സിദ്ദിഖ് ലാലിന്റെ സുഹൃത്തായ അൻസാർ കലാഭവനാണ് റിസബാവയെ നിർദ്ദേശിച്ചത്.

അതിഗംഭീരമായ പ്രകടനമാണ് ജോൺ ഹോനായിയായി റിസബാവ കാഴ്ചവച്ചത്. വേഷത്തിലും ശബ്ദഗാംഭീര്യത്തിലും ഹോനായ് വില്ലന് പുതിയ രൂപഭാവങ്ങൾ പകർന്നു. ചിരി നിറഞ്ഞ സിനിമയിൽ തെല്ലും ചിരിയില്ലാതെ ക്രൂരതയുടെ പ്രതീകമായ ഹോനായ് മലയാളസിനിമയിലെ ക്ളാസിക് വില്ലൻ എന്ന വിശേഷണവും സ്വന്തമാക്കി. റിസബാവയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഹോനായ്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത വക്കീൽ വാസുദേവ് സിനിമയിലും പ്രധാന വില്ലൻ വേഷം ചെയ്തത് റിസബാവയായിരുന്നു.

അഭിനയത്തോടുള്ള ഭ്രമം മൂലം സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ റിസബാവ നാടകത്തിലേക്ക് കടക്കുകയായിരുന്നു. സ്കൂളിൽ നാടകത്തിൽ ഒപ്പം അഭിനയിച്ചിരുന്ന തങ്ങൾ റിസയുടെ ബാപ്പയുടെ കണ്ണിൽപ്പെടാതെ ഓടിയൊളിക്കുമായിരുന്നെന്ന് ബാല്യകാല സ്നേഹിതനും സംവിധായകനുമായ റഫീഖ് സീലാട്ട് അനുസ്‌മരിച്ചു.

Advertisement
Advertisement