ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ : ഭർത്താവ് കസ്റ്റഡിയിൽ

Tuesday 14 September 2021 1:17 AM IST

ചാലക്കുടി: പൊകലപ്പാറ കോളനിക്കടുത്ത് കരടിപ്പാറയിൽ ആദിവാസി യുവതിയെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനപ്പാന്തം ശാസ്താംപൂവ്വം കോളനിയിലെ പഞ്ചമിയാണ് (27) മരിച്ചത്. ഇവരുടെ ഭർത്താവ് പൊന്നപ്പനെയാണ് അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പൊന്നപ്പൻ ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും തുടർന്ന് വടികൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ ചൊവ്വാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും തുടർനടപടി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മരണവിവരം അറിഞ്ഞ് വാഴച്ചാൽ ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.

പിന്നീട് പൊന്നപ്പനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ പല കോളനികളിൽ നിന്നുള്ള ആദിവാസികൾ പൊകലപ്പാറയിൽ കുടിൽകെട്ടി താമസിക്കുന്നുണ്ട്. ഇത്തരത്തിലെത്തിയാണ് പൊന്നനും ഭാര്യയും കരടിപ്പാറയിൽ ടെന്റ് കെട്ടിത്താമസിക്കുന്നത്. ഉൾവനത്തിൽ നിന്ന് ഓരില ശേഖരിക്കലാണ് ഇവരുടെ ജോലി. ദീപക്, ജിത്തു, ദീപ്തി എന്നിവരാണ് പഞ്ചമി - പൊന്നപ്പൻ ദമ്പതികളുടെ മക്കൾ.