കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ മദ്യശാല തുടങ്ങില്ല; വിമർശനം ഉയർന്നതോടെ നിലപാട് മാറ്റി ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ മദ്യശാല തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റിലെ കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നൽകുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാടകയ്ക്ക് നൽകാൻ പരിഗണിച്ചത് ആളൊഴിഞ്ഞ കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ വിമർശനം ഉയർന്നിരുന്നു.
ബസ് സ്റ്റാന്റിൽ മദ്യക്കട ആരംഭിക്കുന്നത് ആലോചനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ എസ് ആർ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണ് കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടക നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചത്. വ്യാപക വിമർശനം ഉയർന്നതോടെ സർക്കാരും ഇക്കാര്യത്തിൽ താൽപര്യം കാട്ടിയില്ല.